ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തിരഞ്ഞെടുത്ത പ്രസംഗങ്ങളുടെ സമാഹാരമായ ‘സബ്കാ സാത്ത് സബ്കാ വികാസ് സബ്കാ വിശ്വാസ് – പ്രൈം മിനിസ്റ്റര്‍ നരേന്ദ്ര മോദി സ്പീക്സ് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ പ്രസിദ്ധീകരണ വിഭാഗമായ പബ്ലിക്കേഷന്‍സ് ഡിവിഷന് സംഘടിപ്പിക്കുന്ന ചടങ്ങില്‍ വച്ച് പ്രകാശനം ചെയ്യും
ന്യൂ ഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് മുഖ്യാതിഥിയായി പങ്കെടുക്കും. മുന്‍ ഉപരാഷ്ട്രപതി ശ്രീ വെങ്കയ്യ നായിഡു വിശിഷ്ടാതിഥിയാകും. കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി ശ്രീ അനുരാഗ് സിംഗ് ഠാക്കൂര്‍ മുഖ്യ സംഘാടകനാകും. വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം സെക്രട്ടറി ശ്രീ അപൂര്‍വ ചന്ദ്രയും മന്ത്രാലയത്തിലെ വിവിധ മാധ്യമ യൂണിറ്റുകളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുക്കും.
‘ജനപങ്കാളിത്തത്തോടെ, എല്ലാരെയും കൂട്ടിയോജിപ്പിച്ച്’ (‘Jan Bhagidari-Taking All Together’) നവ ഭാരതം കെട്ടിപ്പടുക്കുന്നതിനുള്ള 130 കോടി ഇന്ത്യക്കാരുടെ പ്രതീക്ഷകളും അഭിലാഷങ്ങളും പ്രതിഫലിപ്പിക്കുന്നതും, സമഗ്രമായ വികസനം സാധ്യമാക്കാനുള്ള ദൃഢനിശ്ചയത്തിന്റെയും കൂട്ടായ വിശ്വാസത്തിന്റെയും ദര്‍ശനവുമാണ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ തിരഞ്ഞെടുത്ത പ്രസംഗങ്ങളുടെ സമാഹാരമായ ഈ പുസ്തകം മുന്നോട്ടുവയ്ക്കുന്നത്.
വിവിധ വിഷയങ്ങള്‍ കേന്ദ്രീകരിച്ചുള്ള പ്രധാനമന്ത്രിയുടെ 86 പ്രസംഗങ്ങള്‍ ഇതിലുള്‍പ്പെടുത്തിയിരിക്കുന്നു. പത്ത് വിഷയാധിഷ്ഠിത മേഖലകളിലായി വിഭജിക്കപ്പെട്ടിട്ടുള്ള പ്രസംഗങ്ങള്‍, സ്വാശ്രയവും പ്രതിരോധസജ്ജവും വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റാന്‍ കഴിവുള്ളതുമായ ‘ന്യൂ ഇന്ത്യ’ എന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിനെ പ്രതിഫലിപ്പിക്കുന്നു.
ഹിന്ദിയിലും ഇംഗ്ലീഷിലും പുറത്തിറങ്ങുന്ന പുസ്തകങ്ങള്‍ പബ്ലിക്കേഷന്‍സ് ഡിവിഷന്റെ രാജ്യത്തുടനീളമുള്ള വില്‍പ്പനശാലകളിലും ന്യൂ ഡല്‍ഹിയിലെ CGO കോംപ്ലക്സിലെ സൂചനാ ഭവന്റെ ബുക്ക് ഗാലറിയിലും ലഭിക്കും. പ്രസിദ്ധീകരണ വിഭാഗത്തിന്റെ വെബ്സൈറ്റിലൂടെയും ഭാരത്കോശ് പ്ലാറ്റ്ഫോമിലൂടെയും പുസ്തകങ്ങള്‍ ഓണ്‍ലൈനായി വാങ്ങാം. ആമസോണിലും ഗൂഗിള്‍ പ്ലേയിലും ഇ-ബുക്കുകള്‍ ലഭ്യമാകും.