ഇന്ത്യ-യുഎസ് വട്ടമേശ സമ്മേളനം ഹൂസ്റ്റണില്‍ നടന്നു

ന്യൂ ഡല്‍ഹി: ടെക്സസിലെ ഹൂസ്റ്റണില്‍ നടന്ന വട്ടമേശ സമ്മേളനത്തില്‍, ‘ഇന്ത്യ-യുഎസ് തന്ത്രപരമായ പങ്കാളിത്തത്തിലെ അവസരങ്ങള്‍’ എന്ന വിഷയത്തെ ആധാരമാക്കി സംസാരിക്കവെ അടുത്ത 2 പതിറ്റാണ്ടിനുള്ളില്‍ ആഗോള ഊര്‍ജ ആവശ്യകതയുടെ 25% വളര്‍ച്ച ഇന്ത്യയിലായിരിക്കുമെന്ന് കേന്ദ്ര പെട്രോളിയം, പ്രകൃതി വാതക, ഭവന, നഗരകാര്യ മന്ത്രി, ശ്രീ ഹര്‍ദീപ് എസ് പുരി അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ ഊര്‍ജ തന്ത്രം ആഗോള പ്രതിബദ്ധത, ഹരിത പരിവര്‍ത്തനം, സാര്‍വത്രിക ഊര്‍ജ്ജ ലഭ്യത, കുറഞ്ഞ ചെലവ്, സുരക്ഷിതത്വം എന്നിവ ഉറപ്പാക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ഉയര്‍ന്നുവരുന്ന മേഖലകളായ ഹൈഡ്രജന്‍, ജൈവ ഇന്ധനങ്ങള്‍ എന്നിവയ്ക്ക് മുന്‍ഗണന നല്‍കുന്നതിനും, കുറഞ്ഞ കാര്‍ബണ്‍ ബഹിര്‍ഗമനം കൈവരിക്കുന്നതിനും ലക്ഷ്യമിട്ട് ഇന്ത്യ നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഊര്‍ജ്ജ മേഖലയിലെ വെല്ലുവിളി നിറഞ്ഞ സമകാലിക അന്തരീക്ഷത്തിലും, ഊര്‍ജ പരിവര്‍ത്തനങ്ങളോടും കാലാവസ്ഥാ ലഘൂകരണ ലക്ഷ്യങ്ങളോടുമുള്ള ഇന്ത്യയുടെ പ്രതിബദ്ധത ഒട്ടും കുറയുകയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
യുഎസ്-ഇന്ത്യ സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് ഫോറം സംഘടിപ്പിച്ച വട്ടമേശ സമ്മേളനത്തില്‍ ഊര്‍ജ്ജ മേഖലയിലെ പ്രമുഖര്‍ ഉള്‍പ്പെടെ 35 കമ്പനികളില്‍ നിന്നുള്ള 60-ലധികം പ്രതിനിധികള്‍ പങ്കെടുത്തു. ഇന്ത്യയിലെ  പൊതുമേഖലാ ഊര്‍ജ്ജ സ്ഥാപനങ്ങളും പരിപാടിയില്‍ പങ്കെടുത്തു.
നിരോധിത മേഖലകള്‍ 99% കുറച്ചുകൊണ്ട് ഏകദേശം 1 ദശലക്ഷം ചതുരശ്ര കിലോമീറ്റര്‍ തുറന്ന് നല്‍കിയും   നാഷണല്‍ ഡെപ്പോസിറ്ററി രജിസ്ട്രി എന്നിവ വഴി ഉന്നത നിലവാരമുള്ള ജിയോളജിക്കല്‍ ഡാറ്റ ലഭ്യമാക്കിയും പര്യവേക്ഷണവും ഉത്പാദനവും യുക്തിസഹമാക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള വലിയ പരിഷ്‌കാരങ്ങള്‍ ഇന്ത്യ ഏറ്റെടുത്തിട്ടുണ്ടെന്ന് കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രി വ്യക്തമാക്കി.
പരമ്പരാഗത ഊര്‍ജത്തിലും പുതു ഊര്‍ജത്തിലും ഉന്നത നിലവാരമുള്ള സാങ്കേതികവിദ്യകള്‍ ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ സാധ്യതയുള്ള പങ്കാളിത്തവുമായി മുന്നോട്ടുപോകാന്‍ ബന്ധപ്പെട്ട കക്ഷികളുടെ വിശാലമായ പിന്തുണയോടെയാണ് ചര്‍ച്ച അവസാനിച്ചത്.