പുതിയ അധ്യയന വർഷത്തെ അങ്കണവാടി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു

പുതിയ അധ്യയന വർഷത്തെ അങ്കണവാടി പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം പൂജപ്പുരയിലെ സ്മാർട്ട് അങ്കണവാടിയിൽ വനിതാശിശു വികസന മന്ത്രി വീണാ ജോർജ് നിർവഹിച്ചു. സംസ്ഥാനത്തെ എല്ലാ അങ്കണവാടികളും ഈ വർഷത്തോടെ സമ്പൂർണമായി വൈദ്യുതീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് 33,115 അങ്കണവാടികളാണുള്ളത്. ഇതിൽ 2500 ഓളം അങ്കണവാടികൾ വൈദ്യുതീകരിച്ചിട്ടില്ലാത്തവയായിരുന്നു. എന്നാൽ ഇപ്പോൾ വൈദ്യുതീകരിക്കാത്തവയുടെ എണ്ണം 200 താഴെ മാത്രമാണ്. ആ അങ്കണവാടികളിൽ കൂടി വൈദ്യുതി എത്തിച്ച് ഈ വർഷം തന്നെ സമ്പൂർണ വൈദ്യുതീകരണം നടപ്പാക്കുമെന്ന് മന്ത്രി ഉറപ്പുനൽകി. ആദിവാസി മേഖലകളിൽ ഉൾപ്രദേശങ്ങളിലുള്ള, വൈദ്യുതി ലൈൻ വലിക്കാൻ ബുദ്ധിമുട്ടുള്ള അങ്കണവാടികളിലേക്ക് കെ.എസ്.ഇ.ബിയുടെ സൗരോർജ പാനൽ ഉപയോഗിച്ച് വെളിച്ചമെത്തിക്കും. അങ്കണവാടികളിൽ ആഴ്ചയിൽ രണ്ട് ദിവസം മുട്ടയും പാലും വിതരണം ചെയ്യുന്നത് എല്ലാ ദിവസവുമാക്കി മാറ്റുമെന്നും മന്ത്രി അറിയിച്ചു.