ഊർജ്ജ പരിവർത്തനത്തിന് പ്രാധാന്യം നൽകി തിരുവനന്തപുരം ടാഗോർ തീയറ്ററിൽ നടക്കുന്ന അന്താരാഷ്ട്ര ഊർജ്ജ മേള രണ്ടാം ദിവസവും പുരോഗമിക്കുന്നു. എനർജി മാനേജ്മെന്റ് സെന്ററിന്റെ 28ാം സ്ഥാപകദിനത്തോട് അനുബന്ധിച്ചാണ് ത്രിദിന ഊർജ്ജ മേള സംഘടിപ്പിച്ചത്. സുസ്ഥിര വികസന ഊർജ പരിവർത്തന മേഖലയിൽ പ്രവർത്തിക്കുന്ന വിവിധ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെയാണ് മേള നടക്കുന്നത്. ഇ.എം.സി യും ഇ.ഇ.എസ്.എൽ- ഉം ചേർന്ന് നടപ്പിലാക്കിയ ഇ-സൈക്കിൾ പരിപാടിയുടെ ഉദ്ഘാടനവും ആശുപത്രികളിൽ ഇ.എം.സി. നടത്തിവരുന്ന ചൈതന്യം പദ്ധതിയുടെ റിപ്പോർട്ട് പ്രകാശനവും, കേരളത്തിൽ ഊർജ കാര്യക്ഷമതയുള്ള ശീതികരണ സംവിധാനങ്ങൾ നടപ്പിലാക്കുന്നതു സംബന്ധിച്ച ധാരണാപത്രം ഒപ്പിടലും മേളയുടെ ഭാഗമായി നടന്നു. കേരളത്തിലെ ഊർജ പരിവർത്തനം, ബഹിരാകാശത്തെ ഊർജം, കാർബൺ വമനം കുറഞ്ഞ കെട്ടിടങ്ങൾ, ഇ-കുക്കിംഗ്, ആണവ സാങ്കേതികവിദ്യയിലെ അനന്ത സാധ്യതകൾ, ഭാവിയിലേക്കായി ഊർജ്ജ സംരക്ഷണം തുടങ്ങിയ വിഷയങ്ങളിൽ ദേശീയ- അന്തർദേശീയ മേഖലകളിലെ വിദഗ്ധർ നയിക്കുന്ന ചർച്ചകൾക്കും രണ്ടാം ദിവസമായ ഇന്ന് ഊർജ്ജ മേള വേദിയായി. ഭാഭാ ആറ്റോമിക് റിസർച്ച് സെന്റർ, ഐ.എസ്.ആർ.ഒ, സെന്റർ ഫോർ സ്റ്റഡി ഓഫ് സയൻസ്, ടെക്‌നോളജി ആൻഡ് പോളിസി (സി-സ്റ്റെപ്) ഇന്ത്യ സ്മാർട്ട് ഗ്രിഡ് ഫോറം (ഐ.എസ്.ജി.എഫ്), എനർജി എഫിഷ്യൻസി സർവീസസ് ലിമിറ്റഡ് (ഇ.ഇ.എസ്.എൽ) വേൾഡ് റിസോഴ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് (ഡബ്ജ്യൂആർഐ) ജി.ഐ.ഇസഡ്, അലയൻസ് ഫോർ ആൻ എനർജി എഫിഷ്യന്റ് ഇക്കോണമി, വസുധ ഫൗണ്ടേഷൻ, ഗ്ലോബൽ ഗ്രീൻ ഗ്രോത്ത് ഇൻസ്റ്റിറ്റ്യൂട്ട്, ദ എനർജി റിസോഴ്‌സസ് ഇൻസ്റ്റിറ്റ്യൂട്ട്, മോഡേൺ എനർജി കുക്കിംഗ് സർവീസസ്, കൗൺസിൽ ഓൺ എനർജി എൻവയോൺമെന്റ് ആൻഡ് വാട്ടർ, ഫിനോവിസ്റ്റ, സെന്റർ ഫോർ റിസർച്ച് ഓൺ ദ ഇക്കണോമിക്‌സ് ഓഫ് ക്‌ളൈമറ്റ് ഫൂഡ് എനർജി ആൻഡ് എൻവയോൺമെന്റ് എന്നിവിടങ്ങളിൽ നിന്നുളള വിദഗ്ധരാണ് ഊർജ പരിവർത്തനവുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ പാനൽ ചർച്ചകൾ കൈകാര്യം ചെയ്യുന്നത്. ഊർജ്ജകാര്യക്ഷമതാ ഉത്പന്നങ്ങളുടെ ക്ലിനിക്കുകൾ, മറ്റ് ശാസ്ത്ര സാങ്കേതിക മേഖലകളെ പരിചയപ്പെടുത്തുന്ന എക്‌സിബിഷനുകൾ, ഇലക്ട്രിക്ക് പ്രഷർ കുക്കർ, ഇലക്ട്രിക്ക് സൈക്കിൾ എന്നിവ പരിചയപ്പെടുത്തുന്ന സ്റ്റാളുകളും മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ഫെബ്രുവരി 7ന് ആരംഭിച്ച അന്താരാഷ്ട്ര ഊർജ്ജ മേള 9ന് സമാപിക്കും.