എൻ.എ.ബി.എച്ച് അംഗീകാരം : 150 ആയുഷ് കേന്ദ്രങ്ങൾക്ക് സർട്ടിഫിക്കറ്റ് നൽകും

ഉന്നത നിലവാര മാനദണ്ഡങ്ങൾ കണക്കിലെടുത്ത് എൻ.എ.ബി.എച്ച് എൻട്രി ലെവൽ സർട്ടിഫിക്കേഷൻ ലഭിച്ച കേരളത്തിലെ 150 ആയുഷ് ഹെൽത്ത് ആൻഡ് വെൽനെസ്സ് സെന്ററുകൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിക്കും. മാർച്ച് 5ന് രാവിലെ 11ന് തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിലാണ് ചടങ്ങ്. അഡ്വ. വി. കെ. പ്രശാന്ത് എം എൽ എ അധ്യക്ഷത വഹിക്കും. ആയുഷ് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് മുഖ്യ പ്രഭാഷണം നടത്തും. നാഷണൽ ആയുഷ് മിഷൻ സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ. ഡി സജിത്ത് ബാബു സ്വാഗതം പറയും. ആയുഷ് ഹെൽത്ത് ആൻഡ് വെൽനെസ്സ് സെന്ററുകളെ നേട്ടത്തിലേക്ക് നയിച്ച തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവികൾ ഉൾപ്പെടെയുള്ളവരെ അനുമോദിക്കും. ആയുഷിന്റെ നേതൃത്വത്തിൽ വികസിപ്പിച്ചെടുത്ത ലേർണിങ് മാനേജ്‌മെന്റ്‌ സിസ്റ്റം, ആയുഷ് അവാർഡ്, പ്രോക്യൂർമെന്റ് സോഫ്റ്റ്‌വെയറുകളുടെ പ്രകാശനവും ചടങ്ങിൽ നിർവഹിക്കും. ഭാരതീയ ചികിത്സാ വകുപ്പ് ഡയറക്ടർ ഡോ. കെ. എസ്. പ്രിയ, ഹോമിയോപ്പതി വകുപ്പ് ഡയറക്ടർ ഡോ. എം എൻ വിജയാംബിക, ആയുർവേദ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. ടി ഡി ശ്രീകുമാർ, ഹോമിയോപ്പതി വിദ്യാഭ്യാസ പി സി ഒ ഡോ. ഷീല എ എസ്, നാഷണൽ ആയുഷ് മിഷൻ സ്റ്റേറ്റ് പ്രോഗ്രാം മാനേജർ ഐ എസ് എം ഡോ. സജി പി ആർ, ഹോമിയോപ്പതി സ്റ്റേറ്റ് പ്രോഗ്രാം മാനേജർ ഡോ. ആർ. ജയനാരായണൻ എന്നിവർ പങ്കെടുക്കും.