മാതൃകാ പെരുമാറ്റച്ചട്ടം നിര്‍ബന്ധമായും പാലിക്കണം: ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ സ്ഥാനാര്‍ഥി/ ഏജന്റുമാരുടെ യോഗം നിരീക്ഷകരുടെ സാന്നിദ്ധ്യത്തിൽ ചേര്‍ന്നു

അംഗീകൃത ദേശീയ/സംസ്ഥാന രാഷ്ട്രീയ പാര്‍ട്ടികളുടെയും രജിസ്റ്റര്‍ ചെയ്ത് മറ്റ് പാര്‍ട്ടികളുടെയും സ്ഥാനാര്‍ഥികളും സ്വതന്ത്രരായി മത്സരിക്കുന്നവര്‍ ഉള്‍പ്പെടെയുള്ളവർ നിര്‍ബന്ധമായും മാതൃകാ പെരുമാറ്റച്ചട്ടം പാലിക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ വി.ആര്‍ കൃഷ്ണതേജ. തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ഥികള്‍/ ഏജന്റുമാരുടെ കളക്ട്രേറ്റിൽ ചേർന്ന യോഗത്തിലാണ് നിര്‍ദേശം. സര്‍ക്കാര്‍ അധീനതയിലുള്ള കെട്ടിടങ്ങള്‍, പാലങ്ങള്‍, വൈദ്യുതി പോസ്റ്റുകള്‍, ബസ് സ്റ്റാന്‍ഡുകള്‍ തുടങ്ങിയ പൊതുയിടങ്ങളില്‍ പോസ്റ്ററുകളും നോട്ടീസുകളും പതിക്കരുത്. പരാതിയുടെ അടിസ്ഥാനത്തിലും സ്വമേധയായും ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡുകള്‍ ഇവ നീക്കം ചെയ്യും. ആയതിന്റെ ചെലവുകള്‍ സ്ഥാനാര്‍ഥികളുടെ കണക്കിലും ഉള്‍പ്പെടുത്തും. സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളില്‍ അനുമതിയോടെ പോസ്റ്ററുകള്‍ പതിക്കാം.

പ്രചാരണ വേളയില്‍ മതം, ജാതി, വിശ്വാസം എന്നിവയെ ഹനിക്കുന്ന ഒന്നും ഉണ്ടാവരുത്. ഏത് പ്രചാരണ പ്രസിദ്ധീകരണങ്ങളിലും പ്രിൻ്റർ & പബ്ലിഷറുടെ വിലാസവും ഫോണ്‍ നമ്പറും ഉള്‍പ്പെടുത്തണം. ഇലക്ട്രോണിക് മാധ്യമങ്ങളിലെ പരസ്യങ്ങള്‍ക്ക് നിര്‍ബന്ധമായും എം.സി.എം.സിയില്‍ നിന്നും പ്രീ- സര്‍ട്ടിഫിക്കേഷന്‍ വാങ്ങണം. ഘോഷയാത്ര, റാലി, റോഡ് ഷോ എന്നിവ നടത്തുന്നതിന് മുമ്പായി തന്നെ വരണാധികാരിയുടെ അനുമതി നേടണം. പൊതുജനങ്ങളുടെ യാത്രയ്ക്ക് തടസമുണ്ടാവാത്ത രീതിയിലായിരിക്കണം ക്രമീകരണം. സ്ഥാനാര്‍ഥികള്‍ക്ക് വ്യക്തിപരമായി ആരാധനാലയങ്ങള്‍ സന്ദര്‍ശിക്കാമെങ്കിലും പ്രചാരണത്തിനായി ഉപയോഗിക്കരുത്. നിശ്ചിത മാതൃകയില്‍ മാധ്യമങ്ങളില്‍ ക്രിമിനല്‍ കേസുകള്‍ സംബന്ധിച്ച് പരസ്യം പ്രസിദ്ധീകരിക്കണം. നിയമസഭാ മണ്ഡലാടിസ്ഥാനത്തില്‍ ഏജന്റുമാരെ നിയോഗിക്കാനാവില്ല. ഒരു മുഖ്യ ഏജന്റിന് മാത്രമാണ് അനുമതി.   വോട്ടിങ് മെഷീന്‍ സൂക്ഷിക്കുന്ന സ്‌ട്രോങ് റൂമുകള്‍, പ്രശ്‌നസാധ്യതാ ബൂത്തുകള്‍, പ്രശ്‌നബാധിത ബൂത്തുകള്‍ തുടങ്ങിയ ഇടങ്ങളില്‍ കനത്ത സുരക്ഷ ഉറപ്പാക്കും. ആവശ്യനുസരണം കൂടുതല്‍ പൊലിസിനെ വിന്യസിക്കും.