സംസ്ഥാനത്ത് വേനൽച്ചൂട് അതികഠിനമായ സാഹചര്യത്തിൽ തൊഴിൽ വകുപ്പ് പരിശോധന തുടരുന്നു

സംസ്ഥാനത്ത് വേനൽച്ചൂട് അതികഠിനമായ സാഹചര്യത്തിൽ, സർക്കാർ ഏർപ്പെടുത്തിയ തൊഴിൽ സമയ ക്രമീകരണങ്ങളും, മറ്റു നിർദ്ദേശങ്ങളും പാലിക്കപ്പെടുന്നത് ഉറപ്പാക്കാൻ തൊഴിൽ വകുപ്പ് പരിശോധന തുടരുന്നു. ഫെബ്രുവരി മുതൽ 2650 പരിശോധനകളാണ് ഇതിനോടകം പൂർത്തിയാക്കിയത്. നിയമലംഘനം കണ്ടെത്തിയ സ്ഥലങ്ങളിൽ അത് പരിഹരിക്കുകയും ആവർത്തിക്കാതിരിക്കുന്നതിന് നടപടികൾ സ്വീകരിക്കുകയും ചെയ്തു. പകൽ സമയം ജോലി ചെയ്യുന്ന എല്ലാ തൊഴിലാളികൾക്കും ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം മൂന്ന് മണിവരെ വിശ്രമവേളയായിരിക്കും. ഷിഫ്റ്റ് വ്യവസ്ഥയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ഷിഫ്റ്റുകൾ ഉച്ചയ്ക്ക് 12:00 മണിക്ക് അവസാനിക്കുന്ന തരത്തിലും വൈകുന്നേരം 3:00 മണിക്ക് ആരംഭിക്കുന്ന തരത്തിലുമാണ് പുനക്രമീകരണം. സംസ്ഥാനത്തെ തോട്ടം തൊഴിലാളികളടക്കമുള്ള എല്ലാ തൊഴിലാളികൾക്കും ബാധകമാക്കിയ തൊഴിൽ സമയക്രമീകരണം പാലിക്കപ്പെടുന്നത് ഉറപ്പാക്കുന്നതിന് ജില്ലാ ലേബർ ഓഫീസർ, ഡെപ്യൂട്ടി ലേബർ ഓഫീസർ, അസി ലേബർ ഓഫീസർ, പ്ലാന്റേഷൻ ഇൻസ്പെക്ടർമാർ എന്നിവരുടെ മേൽ നോട്ടത്തിൽ പ്രത്യേക ടീമുകൾ രൂപീകരിച്ചാണ് പരിശോധന.