ആമയിഴഞ്ചാൻ തോട്ടിൽ വീണ് മരിച്ച ശുചീകരണ തൊഴിലാളി ജോയിയുടെ കുടുംബം സന്ദർശിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. അപകടത്തിന്റെ ഉത്തരവാദി ആരെന്നു അന്വേഷിച്ച് കണ്ടെത്തണമെന്ന് ഗവർണർ ആവശ്യപ്പെട്ടു. ഹൃദയം നുറുങ്ങുന്ന അനുഭവമാണിത്. പ്രായമായ ഒരമ്മയ്ക്ക് സ്വന്തം മകനെ നഷ്ടപ്പെട്ടിരിക്കുന്നു. വീട്ടുകാർക്കൊപ്പം അവരുടെ ദുഃഖം പങ്കിടാൻ വന്നതാണിവിടെയെന്നും അദ്ദേഹം പറഞ്ഞു. അപകടത്തിൽ നിന്ന് റെയിൽവേയും കോർപ്പറേഷനും പാഠം ഉൾക്കൊള്ളണം. ഇരുകൂട്ടർക്കും ഇതിൽ ഉത്തരവാദിത്തമുണ്ട്. എത്ര തുക നഷ്ടപരിഹാരം നൽകിയാലും സംഭവിച്ച നഷ്ടം നികത്താനാവില്ല. വിഷയം റെയിൽവേ മന്ത്രിയുമായി സംസാരിച്ചിട്ടുണ്ട്. ഇക്കാര്യം പ്രധാനമന്ത്രിയുടെ ഓഫീസിലും അറിച്ചിട്ടുണ്ടെന്ന് ഗവർണർ പറഞ്ഞു. കുടുംബത്തിന് വേണ്ടി എന്തെങ്കിലും ചെയ്യേണ്ടത് അത്യാവശ്യമാണ്. രണ്ട് കേന്ദ്ര മന്ത്രിമാരും ജോയിയുടെ വീട്ടിലേക്ക് എത്തും. സംസ്ഥാന സർക്കാർ ഉടൻ നഷ്ടപരിഹാരം പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.