ഡൽഹി മുഖ്യമന്ത്രിയായി രേഖ ഗുപ്ത സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാംലീല മൈതാനിയിൽ തയ്യാറാക്കിയ സത്യപ്രതിജ്ഞാ വേദിയിൽ ലെഫ്. ഗവർണർ വി കെ സക്സേന സത്യവാചകം ചെല്ലിക്കൊടുത്തു. കൂടാതെ പർവേഷ് വർമ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു. ആശിഷ് സൂദ്, പങ്കജ് സിങ്, മഞ്ജീന്ദർ സിങ് സിർസ, കപിൽ മിശ്ര, രവീന്ദ്ര ഇന്ദാർജ് സിങ് എന്നിവരും രേഖയ്‌ക്കൊപ്പം സത്യപ്രതിജ്ഞ ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര മന്ത്രിമാരായ അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ജെ പി നദ്ദ, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിന്നുള്ള മുഖ്യമന്ത്രിമാർ, ഉപമുഖ്യമന്ത്രിമാർ, പ്രധാനപ്പെട്ട എൻഡിഎ നേതാക്കൾ, തുടങ്ങിയവർ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു. ഇന്നലെ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന പാർലമെന്ററി ബോർഡ് യോഗത്തിലാണ് പുതിയ മുഖ്യമന്ത്രിയെ തീരുമാനിച്ചത്.പാർട്ടി സംസ്ഥാന ആസ്ഥാനത്ത് കേന്ദ്ര നിരീക്ഷകരായ രവിശങ്കർ പ്രസാദ്, ഓം പ്രകാശ് ധൻഖർ എന്നിവരുടെ സാന്നിധ്യത്തിൽ ചേർന്ന നിയമസഭ കക്ഷി യോഗത്തിൽ, പർവേഷ് വർമ്മയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് രേഖ ഗുപ്തയുടെ പേര് നിർദ്ദേശിച്ചത്. നിർദ്ദേശം ഏകകണ്ഠമായി പാസായി. രവിശങ്കർ പ്രസാദ് രേഖ ഗുപ്തയെ നേതാവായി തെരഞ്ഞെടുത്തതായി ഔപചാരികമായി പ്രഖ്യാപിച്ചു. രേഖ ഗുപ്ത എല്ലാവർക്കും നന്ദി അറിയിച്ചു.ഒൻതോളം പേരുകൾ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടെങ്കിലും വനിത-ഒബിസി-മധ്യവർഗത്തിന്റെ പ്രതിനിധി എന്നീ മൂന്ന് ഘടകങ്ങൾ രേഖ ഗുപ്തക്ക് തുണയായി. ഡൽഹിയുടെ മുഖ്യമന്ത്രി പദത്തിലേക്കെത്തുന്ന നാലാമത്തെ വനിതയാണ് രേഖ. ബിജെപിയുടെ സുഷ്മ സ്വരാജ്, കോൺഗ്രസിന്റെ ഷീല ദീക്ഷിത്, ആം ആദ്മി പാർട്ടിയുടെ അതിഷി എന്നിവരാണ് ഇതിനു മുൻപ് രാജ്യ തലസ്ഥാനത്തിന്റെ ഭരണചക്രം തിരിച്ച വനിതകൾ. ഡൽഹി സർവകലാശാലയിൽ നിന്നാണ് രേഖ രാഷ്ട്രീയ പ്രവർത്തനം തുടങ്ങുന്നത്. സർവകലാശാലയിൽ വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ്, ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഡൽഹി മുഖ്യമന്ത്രിയായി രേഖ ഗുപ്ത സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
