രാജ്യത്തെ ഓരോ പൗരന്റേയും ചികിത്സാപരമായ ചെലവുകള്‍ കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ളവര്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് ചികിത്സാചെലവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ‘എല്ലാ പൗരരുടേയും ചികിത്സാചെലവ് കുറയ്ക്കുന്നതിനായി നമ്മുടെ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. 2014 ല്‍ നമ്മുടെ സര്‍ക്കാര്‍ അധികാരത്തിലെത്തുന്നതിനുമുന്‍പ് ചികിത്സാചെലവ് ഭീമമായിരുന്നു. പൗരര്‍ക്കുവേണ്ടി ചികിത്സാപരമായ ചെലവുകളില്‍ കുറവുവരുത്താന്‍ ഞങ്ങള്‍ പ്രതിജ്ഞയെടുത്തിട്ടുണ്ട്. അര്‍ഹരായ എല്ലാ വ്യക്തികള്‍ക്കും ആയുഷ്മാന്‍ കാര്‍ഡുകള്‍ അനുവദിക്കും. അഞ്ച് ലക്ഷം രൂപ വരെയുള്ള ചികിത്സാചെലവുകള്‍ ആയുഷ്മാന്‍ കാര്‍ഡുള്ളവര്‍ക്ക് സൗജന്യമായി ലഭ്യമാകും’, പ്രധാനമന്ത്രി വ്യക്തമാക്കി. മധ്യപ്രദേശിലെ ഛാതാപുര്‍ ജില്ലയില്‍ ഭാഗേശ്വര്‍ ധാം മെഡിക്കല്‍ ആന്‍ഡ് സയന്‍സ് റിസര്‍ച്ച് ഇന്‍സ്റ്റിട്യൂട്ടിന്റെ ശിലാസ്ഥാപനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. 70 വയസ്സോ അതിനുമുകളിലോ പ്രായമുള്ള ആയുഷ്മാന്‍ കാര്‍ഡുടമകള്‍ അഞ്ച് ലക്ഷം രൂപ വരെയുള്ള സൗജന്യചികിത്സയ്ക്ക് നിലവില്‍ അര്‍ഹരാണെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ആയുഷ്മാന്‍ കാര്‍ഡ് എത്രയും വേഗം സ്വന്തമാക്കണമെന്നും ആയുഷ്മാന്‍ കാര്‍ഡ് അനുവദിക്കുന്നതിനായി ഏതെങ്കിലും ഉദ്യോഗസ്ഥരോ മറ്റോ കൈക്കൂലി ആവശ്യപ്പെടുന്ന പക്ഷം തനിക്ക് നേരിട്ട് കത്തെഴുതി അറിയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം കേന്ദ്ര സര്‍ക്കാര്‍ നല്കി വരുന്ന എല്ലാ ക്ഷേമപദ്ധതികളെ കുറിച്ചും മറ്റ് സൗകര്യങ്ങളെ കുറിച്ചും എല്ലാവരും അറിഞ്ഞിരിക്കണമെന്നും ആയുഷ്മാന്‍ കാര്‍ഡ് പോലുള്ള പദ്ധതികളെ കുറിച്ച് സമൂഹത്തില്‍ ബോധവത്കരണം നടത്തമെന്നും മോദി വ്യക്തമാക്കി. നിരവധി മതസംഘടനകള്‍ ആത്മീയ പാഠങ്ങള്‍ പകര്‍ന്ന് മികച്ച ആരോഗ്യം നല്കി ജനങ്ങളെ സേവിക്കുന്നുണ്ടെന്നും മോദി ചൂണ്ടിക്കാട്ടി. ചിത്രകൂട് അതിനുദാഹരണമാണെന്നും ബാഗേശ്വര്‍ ധാം സന്ദര്‍ശിക്കുന്നവര്‍ക്ക് ആരോഗ്യമെന്ന അനുഗ്രഹം ലഭിക്കുമെന്നും മോദി വ്യക്തമാക്കി ബാഗേശ്വര്‍ ധാമിലെ സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി ഗുരുക്കന്മാരെ സന്ദര്‍ശിച്ച് അനുഗ്രഹം നേടുകയും ജാതശങ്കര്‍ മഹാദേവ് ക്ഷേത്രം സന്ദര്‍ശിച്ച് പൂജയും പ്രാര്‍ഥനയും നടത്തുകയും ചെയ്തു.
രാജ്യത്തെ ഓരോ പൗരന്റേയും ചികിത്സാപരമായ ചെലവുകള്‍ കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
