സംസ്ഥാനങ്ങൾക്കുള്ള നികുതിവിഹിതം വെട്ടിക്കുറയ്ക്കാൻ നീക്കവുമായി നരേന്ദ്ര മോദി സർക്കാർ

സംസ്ഥാനങ്ങൾക്കുള്ള നികുതിവിഹിതം വെട്ടിക്കുറയ്ക്കാൻ നീക്കവുമായി നരേന്ദ്ര മോദി സർക്കാർ. 2026-27 സാമ്പത്തിക വർഷം മുതൽ ഇതു വെട്ടിക്കുറച്ചേക്കുമെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. നിലവിൽ കേന്ദ്രം പിരിക്കുന്ന നികുതിയിൽ 41 ശതമാനമാണ് സംസ്ഥാനങ്ങളുമായി പങ്കുവെക്കാറുള്ളത്. ഇത് 40 ശതമാനത്തിലേക്കെങ്കിലും കുറയ്ക്കാനാണ് ആലോചന. നികുതിവിഹിതം 50 ശതമാനമായി ഉയർത്തണമെന്ന് കേരളം ആവശ്യപ്പെട്ടത് അടുത്തിടെയാണ്. 20 ശതമാനം മാത്രമായിരുന്നു 1980ൽ വിഹിതം. ഇതാണ് പിന്നീട് 41 ശതമാനത്തിലേക്ക് ഉയർത്തിയത്. വിഹിതം ഒരു ശതമാനം കുറച്ചാൽ വർഷം ശരാശരി 35,000 കോടി രൂപ ലാഭിക്കാൻ കേന്ദ്രത്തിന് കഴിയും. കേന്ദ്രം പിരിക്കുന്ന നികുതികൾ സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കുന്നതിന് ഓരോ സംസ്ഥാനത്തിന്റെയും ജനസാന്ദ്രത കൂടി മാനദണ്ഡമാക്കണമെന്നും 16-ാം ധനകാര്യ കമ്മിഷൻ അധ്യക്ഷൻ പ്രഫ. അരവിന്ദ് പനഗാരിയയോട് കേരളം ആവശ്യപ്പെട്ടിരുന്നു. ഇതിനു സമാനമായ ശുപാർശ മറ്റു സംസ്ഥാനങ്ങളിൽനിന്നും കമ്മിഷനു ലഭിച്ചിരുന്നുവെന്ന് അരവിന്ദ് പനഗാരിയ പറഞ്ഞിരുന്നു. അപ്പോഴാണ് ഇതിനു കടകവിരുദ്ധമായി നികുതിവിഹിതം വെട്ടിക്കുറയ്ക്കാൻ കേന്ദ്രം ഒരുങ്ങിയത്. ഇതു കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളും കേന്ദ്രവും തമ്മിലുള്ള തർക്കം രൂക്ഷമാകാൻ വഴിവച്ചേക്കാം.026-27 സാമ്പത്തിക വർഷത്തേക്കുള്ള ശുപാർശകൾ ഈ വർഷം ഒക്ടോബർ 31ന് കമ്മിഷൻ കേന്ദ്രത്തിനു നൽകും. അതിനു മുന്നോടിയായി നികുതിവിഹിതം 40 ശതമാനമായി കുറയ്ക്കണമെന്ന നിർദേശം കമ്മിഷനു മുന്നിൽ കേന്ദ്രവും വച്ചേക്കാം. മാർച്ചിൽ ചേരുന്ന കേന്ദ്ര മന്ത്രിസഭാ യോഗമാകും നിർദേശം ചർച്ചചെയ്തശേഷം കമ്മിഷനു സമർപ്പിക്കുക.