വനിതാ ദിനത്തിൽ ആശവർക്കർമാർക്ക് വേണ്ട് ശബ്ദം ഉയർത്തി കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല

വനിതാ ദിനത്തിൽ ആശവർക്കർമാർക്ക് വേണ്ട് ശബ്ദം ഉയർത്തി കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ജീവിക്കാൻ വേണ്ടിയുള്ള ശമ്പളത്തിന് കേരളത്തിലെ ആശാവർക്കർമാർക്ക് അർഹതയുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. സ്ത്രീ എന്ന കാരണം കൊണ്ട് അത് നിഷേധിക്കരുത്. അത് നിഷേധിക്കാതിരിക്കുമ്പോൾ മാത്രമാണ് വനിതാദിനം സാധ്യമാകുന്നതെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ പങ്കുവെച്ചു .പാട്രിയാർക്കലായ ഒരു ലോകത്ത് സ്ത്രീകൾക്കും തുല്യാവകാശങ്ങൾ കൊണ്ടുവരാനുള്ള ആധുനിക മനുഷ്യന്റെ ശ്രമങ്ങൾ ഇന്ന് വളരെയേറെ മുൻപന്തിയിലെത്തിയിരിക്കുന്നു. വിവേചനങ്ങൾ അസാധാരണമായി കുറഞ്ഞുവരുന്ന ഒരു ലോകത്താണ് നമ്മൾ ജീവിക്കുന്നത് എങ്കിലും പൂർണ വിമുക്തി ഇനിയും ഒരുപാടകലെയാണ്. പുരുഷ കേന്ദ്രീകൃത മൂല്യവ്യവസ്ഥയുടെ ഹാങ് ഓവർ ഇനിയും മാറിയിട്ടില്ല. സ്ത്രീകൾ അടിച്ചമർത്തപ്പെടുന്നത് കുറഞ്ഞിട്ടുണ്ടെങ്കിലും ഗാർഹിക പീഡനമായും ജോലിസ്ഥലത്തെ പീഡനമായും സദാചാര പോലീസിങ് ആയും അത് ഇപ്പോഴും നിലനിൽക്കുന്നു. ഇത്തവണത്തെ വനിതാ ദിനത്തിൽ ഞാൻ ഓർമ്മിപ്പിക്കാൻ ആഗ്രഹിക്കുന്നത് അത്തരമൊരു വിവേചനത്തെക്കുറിച്ചാണ്. തൊഴിലാളികൾക്ക് ഏറ്റവും കൂടുതൽ കൂലി നൽകുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. ഏറ്റവും അൺസ്‌കിൽഡ് എന്നു വിശേഷിപ്പിക്കുന്ന ജോലികൾക്കു പോലും 900-1000 രൂപ ദിവസക്കൂലി ഇവിടെയുണ്ട്. ആ കേരളത്തിൽ വെറും 232 രൂപ മാത്രം ദിവസവേതനം വാങ്ങി നമ്മുടെ ആരോഗ്യരംഗത്തെ കോട്ട കെട്ടി കാവൽ നിൽക്കുന്ന ഒരു സംഘം മാലാഖമാരുണ്ട്. കേരളത്തിന്റെ ഏറെ ഘോഷിക്കപ്പെടുന്ന ആരോഗ്യരംഗത്തിന്റെ കാലാൾപ്പട. ആശാവർക്കർമാർ. കഴിഞ്ഞ ഒരു മാസത്തോളമായി വേതനവർധനവിനായി അവർ സമരരംഗത്താണ്. കോവിഡ് കാലത്ത് സ്വന്തം ജീവൻ തൃണവൽഗണിച്ച് ഒരു ജനതയെ സംരക്ഷിച്ചവരാണ്. അവരാണ് ഇന്ന് ഒരിത്തിരി ശമ്പള വർധനവിന് വേണ്ടി സമരം ചെയ്യുന്നത്. അവരാണ് ഈ സർക്കാരിന്റെയും ഭരണമുന്നണിയുടേയും അധിക്ഷേപ വാക്കുകൾ കേൾക്കുന്നത്. അവരാണ് നീതിക്കു വേണ്ടി കേഴുന്നത്. അവർക്ക് നീതി ലഭിക്കാത്തിടത്തോളം കാലം ഈ വനിതാദിനാചരണം പൂർണഅർഥം കൈവരിക്കുമെന്നു ഞാൻ വിശ്വസിക്കുന്നില്ല. സ്ത്രീകളുടെ സമരത്തിന് നിലനിൽക്കാൻ കഴിയില്ലെന്നും അവരെ ഭയപ്പെടുത്തി ഓടിക്കാമെന്നും അവരുടെ തൊഴിൽ നഷ്ടപ്പെടുത്തി പീഡിപ്പിക്കാമെന്നും ഭരണവർഗം സ്വപ്‌നം കാണുന്നുണ്ട്. പക്ഷേ അതു വെറുതെയാണ്. തങ്ങളുടെ നിസ്വാർഥമായ സേവനം കൊണ്ട് മലയാളി സമൂഹത്തിൽ അവർ സ്ഥാനം പിടിച്ചിരിക്കുന്നു. അവർ അർഹിക്കുന്നതു കിട്ടുന്നതു വരെ കേരള ജനത അവർക്കൊപ്പമുണ്ടാകും. ശമ്പളത്തിൽ തുല്യത ഉണ്ടായേ കഴിയു. ജീവിക്കാൻ വേണ്ടിയുള്ള ശമ്പളത്തിന് കേരളത്തിലെ ആശാവർക്കർമാർക്ക് അർഹതയുണ്ട്. സ്ത്രീ എന്ന കാരണം കൊണ്ട് അത് നിഷേധിക്കരുത്. അത് നിഷേധിക്കാതിരിക്കുമ്പോൾ മാത്രമാണ് വനിതാദിനം സാധ്യമാകുന്നത്. നമുക്ക് അർഥപൂർണമായ വനിതാദിനത്തിനായി ഒരുമിച്ചു പൊരുതാം. അദ്ദേഹം തന്റെ ഫേസ്ബുക് പേജിൽ കുറിച്ചു.