വരുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ മുഴുവൻ സീറ്റിലും സ്ഥാനാർഥികളെ നിർത്താനൊരുങ്ങി എൻഡിഎ

വരുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ മുഴുവൻ സീറ്റിലും സ്ഥാനാർഥികളെ നിർത്താനൊരുങ്ങി എൻഡിഎ. ഇത് സംബന്ധിച്ച് സംസ്ഥാന ഘടകത്തിന് ബി.ജെ.പി. കേന്ദ്ര നേതൃത്വത്തിൽനിന്ന് നിർദേശമുണ്ട്. പരമാവധി സീറ്റുകളിൽ വിജയം നേടാനും ഇതിനായി മുൻകൂട്ടി സ്ഥാനാർഥികളെ കണ്ടെത്താനും കൊച്ചിയിൽ ചേർന്ന ബിജെപി കോർ കമ്മറ്റി യോഗത്തിൽ തീരുമാനമായി. ഗ്രാമ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, നഗരസഭ എന്നിവിടങ്ങൾ ഉൾപ്പടെ സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലേയും എല്ലാ വാർഡുകളിലേക്കും എൻ.ഡി.എ. പ്രതിനിധികൾ മത്സരിക്കണമെന്നാണ് തീരുമാനം. പൊതുസമ്മതരായ ആളുകളെ വിവിധ ഇടങ്ങളിൽ സ്ഥാനാർഥികളാക്കണം. നിലവിൽ തദ്ദേശ സ്ഥാപനങ്ങളിലുള്ള പ്രതിനിധികൾ വരുംതിരഞ്ഞെടുപ്പിൽ ആ വാർഡ് നിലനിർത്താനുള്ള നടപടികൾ സ്വീകരിക്കണം. എൻ.ഡി.എക്ക് വേണ്ടി ആര് മത്സരിച്ചാലും അവർ വിജയിക്കാൻ ആവശ്യമായ എല്ലാ പ്രവർത്തനങ്ങളും നിലവിലുള്ള പ്രതിനിധികൾ ചെയ്യണമെന്നുള്ള നിർദേശവും കോർ കമ്മറ്റി യോഗത്തിൽ ഉയർന്നു. ഇക്കാര്യം വിശദമായി ചർച്ച ചെയ്യുന്നതിന് സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലെ എൻ.ഡി.എയുടെ അംഗങ്ങളുടെ വിപുലമായ യോഗം വിളിച്ചു ചേർക്കാനും തീരുമാനിച്ചിട്ടുണ്ട്. എൻ.ഡി.എയെ ശക്തിപ്പെടുത്തുന്നതിന് കൺവെൻഷനുകൾ വിളിച്ച് ചേർക്കാനും തീരുമാനമായിട്ടുണ്ട്.