ആശുപത്രിയിൽനിന്ന് നവജാതശിശുവിനെ കടത്തിക്കൊണ്ടുപോയാൽ ആശുപത്രിയുടെ ലൈസൻസ് ഉടൻ സസ്പെൻഡ് ചെയ്യണമെന്ന് സുപ്രീംകോടതി. നവജാതശിശുവിന്റെ സംരക്ഷണം എല്ലാ അർഥത്തിലും ആശുപത്രിയുടെ ഉത്തരവാദിത്വമാണെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഉത്തർപ്രദേശിൽനിന്ന് കുഞ്ഞുങ്ങളെ കടത്തിക്കൊണ്ടുപോയ കേസുകളിലെ 13 പ്രതികൾക്ക് അലഹാബാദ് ഹൈക്കോടതി അനുവദിച്ച ജാമ്യം റദ്ദാക്കിക്കൊണ്ടാണ് സുപ്രീംകോടതി പൊതുനിർദേശങ്ങളിറക്കിയത്. ഉത്തർപ്രദേശ് സർക്കാരിനും ഹൈക്കോടതിക്കും ഈ കേസ് കൈകാര്യംചെയ്തതിൽ വീഴ്ചപറ്റിയെന്ന് സുപ്രീംകോടതി വിമർശിച്ചു. മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് പഠനം നടത്തിയ ഭാരതീയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിസർച്ച് ആൻഡ് ഡിവലപ്‌മെന്റ് ബേർഡ് നൽകിയ നിർദേശങ്ങൾ നടപ്പാക്കാൻ സംസ്ഥാനങ്ങളോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. കാണാതായ കുട്ടികളെ കണ്ടെത്തുംവരെ അതിനെ മനുഷ്യക്കടത്തു കേസായി പരിഗണിക്കണമെന്നാണ് ‘ബേർഡ്’ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയത്. ചെറിയൊരു ജാഗ്രതക്കുറവിനുപോലും വലിയ വിലകൊടുക്കേണ്ടിവരും. ഒരു കുഞ്ഞ് മരിക്കുന്നതിന്റെ വേദന പോലെയല്ല നഷ്ടപ്പെടുമ്പോൾ ഉണ്ടാവുന്നത്. കുഞ്ഞിനെ നഷ്ടമായാൽ ജീവിതകാലം മുഴുവൻ ആ വേദന നിലനിൽക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
ആശുപത്രിയിൽനിന്ന് നവജാതശിശുവിനെ കടത്തിക്കൊണ്ടുപോയാൽ ആശുപത്രിയുടെ ലൈസൻസ് ഉടൻ സസ്പെൻഡ് ചെയ്യും
