ഇന്ത്യയെയും ബംഗ്ലാദേശിനെയും ബന്ധിപ്പിക്കുന്ന റെയില്‍വേ പദ്ധതികള്‍ ഇന്ത്യ താത്കാലികമായി നിര്‍ത്തിവെച്ചതായി റിപ്പോര്‍ട്ട്. ബംഗ്ലാദേശിലെ രാഷ്ട്രീയ അസ്ഥിരതയും തൊഴിലാളികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കകളുമാണ് ഈ തീരുമാനത്തിന് കാരണമെന്നും ഇന്ത്യ ബദല്‍ മാര്‍ഗങ്ങള്‍ ആസൂത്രണം ചെയ്യുകയാണെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യിതു. അഖൗറ-അഗര്‍ത്തല റെയില്‍ ലിങ്ക്, ഖുല്‍ന-മോംഗ്ല റെയില്‍ ലിങ്ക്, ധാക്ക-ടോംഗി-ജോയ്‌ദേബ്പുര്‍ റെയില്‍ വിപുലീകരണ പദ്ധതി എന്നിവയാണ് തീരുമാനം ബാധിക്കുന്ന പ്രധാന റെയില്‍ പദ്ധതികള്‍. ഇവ കൂടാതെ അഞ്ച് റെയില്‍ പദ്ധതികള്‍ കൂടി നിര്‍ത്തിവച്ചതായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവിലെ ഇടക്കാല ഭരണകൂടത്തിന് കീഴില്‍ ബംഗ്ലാദേശില്‍ ഇന്ത്യാ വിരുദ്ധ ശബ്ദങ്ങള്‍ ശക്തി പ്രാപിക്കുകയും, പാകിസ്താനുമായും ചൈനയുമായും കൂടുതല്‍ അടുപ്പം സ്ഥാപിക്കാന്‍ ആഹ്വാനങ്ങള്‍ ഉയരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഇന്ത്യയുടെ നടപടി. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി പുരോഗതി പ്രാപിച്ചിരുന്നെങ്കിലും ബംഗ്ലാദേശിന്റെ ഇന്ത്യ വിരുദ്ധ നിലപാടുകള്‍ വികസന പ്രവര്‍ത്തനങ്ങളെ അടക്കം പ്രതികൂലമായി ബാധിച്ചിരുന്നു. ബംഗ്ലാദേശിന്റെ ഇടക്കാല സര്‍ക്കാരിന്റെ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസിന്റെ ചൈനയോടുള്ള സൗഹൃദ നിലപാടും വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള ക്ഷണവുമാണ് ഇന്ത്യ-ബംഗ്ലാദേശ് ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയത്. പിന്നാലെ ഇന്ത്യ ബംഗ്ലാദേശിനുള്ള ട്രാന്‍സ്ഷിപ്പ്‌മെന്റ് അവകാശങ്ങള്‍ പിന്‍വലിച്ചു. ഇതിന് മറുപടിയായി ഇന്ത്യയില്‍ നിന്നുള്ള നൂല്‍ ഇറക്കുമതി ബംഗ്ലാദേശ് നിര്‍ത്തിവയ്ക്കുകയും ചെയ്തു.ഇരുരാജ്യങ്ങളും തമ്മിലുള്ള അകലം വര്‍ധിക്കുന്നതിനിടെയാണ് റെയില്‍ പദ്ധതികള്‍ ഇന്ത്യ നിര്‍ത്തിവെച്ചത്.
ഇന്ത്യയെയും ബംഗ്ലാദേശിനെയും ബന്ധിപ്പിക്കുന്ന റെയില്‍വേ പദ്ധതികള്‍ ഇന്ത്യ താത്കാലികമായി നിര്‍ത്തിവെച്ചതായി റിപ്പോര്‍ട്ട്
