ക്ഷേത്ര നടത്തിപ്പിൽ ഹൈക്കോടതിക്ക് ഉത്തരവിടാമോ എന്ന് പരിശോധിക്കണമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി ∙ ക്ഷേത്രകാര്യങ്ങളുടെ നടത്തിപ്പും വിഗ്രഹങ്ങളുടെ സ്ഥാനനിർണയവും സംബന്ധിച്ച് ഹൈക്കോടതികൾക്ക് ഉത്തരവു പുറപ്പെടുവിക്കാൻ കഴിയുമോ എന്ന കാര്യം പരിശോധിക്കുമെന്ന് സുപ്രീം കോടതി. ദൈവത്തിന്റെ പേരിൽ ക്ഷേത്ര കമ്മിറ്റിക്കുള്ളിൽ ദൗർഭാഗ്യകരമായ തമ്മിലടിയാണ് നടക്കുന്നതെന്നും ഹിമാചൽപ്രദേശിലെ ഒരു കേസ് പരിഗണിക്കവേ സുപ്രീം കോടതി ചൂണ്ടിക്കാട്ടി. നൂറ്റാണ്ടുകൾ പഴക്കമുള്ള ദുർഗാ വിഗ്രഹം പുതുതായി നിർമിച്ച ക്ഷേത്രസമുച്ചയത്തിലേക്കു മാറ്റണമെന്ന ഹിമാചൽപ്രദേശ് ഹൈക്കോടതിയുടെ ഉത്തരവിനെതിരായ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ക്ഷേത്ര നിർമാണത്തിന് മുന്നോടിയായി വിഗ്രഹം താൽക്കാലിക ക്ഷേത്രത്തിലേക്ക് മാറ്റിയിരുന്നു. നിർമാണം പൂർത്തിയായ ഘട്ടത്തിൽ അവിടെ പുതിയ വിഗ്രഹം സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് ക്ഷേത്ര കമ്മിറ്റിയിലുണ്ടായ തർക്കമാണ് കേസിനാധാരം.