സ്ത്രീധന’ത്തിന് തെളിവുണ്ടാകില്ലെന്നും ഇത്തരം വിഷയങ്ങളിൽ കോടതികൾ യുക്തമായ തീരുമാനം എടുക്കുകയാണ് വേണ്ടതെന്നും ചൂണ്ടിക്കാട്ടി ഹൈക്കോടതി

കൊച്ചി: വിവാഹസമയത്ത് മാതാപിതാക്കൾ മകൾക്ക് നൽകുന്ന ‘സ്ത്രീധന’ത്തിന് തെളിവുണ്ടാകില്ലെന്നും ഇത്തരം വിഷയങ്ങളിൽ കോടതികൾ യുക്തമായ തീരുമാനം എടുക്കുകയാണ് വേണ്ടതെന്നും ചൂണ്ടിക്കാട്ടി ഹൈക്കോടതി. സ്വർണം തിരികെ വേണമെന്ന യുവതിയുടെ ആവശ്യം തെളിവില്ലെന്നതിന്റെ പേരിൽ തള്ളിയ എറണാകുളം കുടുംബക്കോടതി ഉത്തരവ് ചോദ്യംചെയ്യുന്ന ഹർജി അനുവദിച്ചാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് എം.ബി. സ്നേഹലത എന്നിവരടങ്ങിയ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. ഹർജിക്കാരിക്ക്‌ 59.5 പവൻ തിരികെനൽകാനും നിർദേശിച്ചു. 2010-ൽ വിവാഹിതരായ ദമ്പതിമാർ പിന്നീട് അകന്നു. തുടർന്നാണ് 65.5 പവൻ സ്വർണം തിരികെനൽകണമെന്നാവശ്യപ്പെട്ട് കുടുംബക്കോടതിയെ സമീപിച്ചത്. ബന്ധുക്കൾ നൽകിയ ആറ് പവനടക്കമായിരുന്നു ഇത്. ഇതിൽ മാതാപിതാക്കൾ നൽകിയ 59.5 പവൻ തിരികെനൽകാനാണ് നിർദേശിച്ചത്. മാതാപിതാക്കൾ നൽകുന്ന സ്വർണവും പണവും അവരുടെ സ്ത്രീധനമായിട്ടാണ് കരുതുന്നത്. അത് യുവതിയുടെ സ്വത്താണ്. വധുവിന് ലഭിക്കുന്ന സ്വർണം സുരക്ഷിതമായി സൂക്ഷിക്കുന്നുവെന്നതിന്റെ പേരിൽ ഭർത്താവും കുടുംബവും കൈവശപ്പെടുത്തുന്നത് സാധാരണമായിരിക്കും. സ്വകാര്യവും അനൗപചാരികവുമായ ഇടപാടായതിനാൽ ഇക്കാര്യത്തിൽ തെളിവ് ഹാജരാക്കുക അസാധ്യമായിരിക്കും. തർക്കങ്ങളുണ്ടാകുമ്പോൾ ആഭരണത്തിന്റെ പട്ടികയൊന്നും സ്ത്രീയുടെ കൈവശം ഉണ്ടാകില്ല. ക്രിമനൽക്കേസുകളിലെപ്പോലെ തെളിവുവേണമെന്ന് കോടതികൾ നിഷ്‌കർഷിക്കരുത്. ആര് പറയുന്നതിലാണ് ശരിയെന്ന് പരിശോധിക്കണം ഹർജിക്കാരിയുടെ കാര്യത്തിൽ തങ്ങളുടെ വിരമിക്കൽ ആനുകൂല്യം ഉപയോഗിച്ചാണ് സ്വർണം വാങ്ങിയതെന്ന് മാതാപിതാക്കൾ വ്യക്തമാക്കി. സ്വർണം മകൾക്ക് നൽകാനുള്ള ശേഷി മാതാപിതാക്കൾക്ക് ഉണ്ടായിരുന്നു എന്നതിന് തെളിവുണ്ടെന്ന് കോടതി കൂട്ടിച്ചേർത്തു.