പാക്കിസ്ഥാനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി

പാക്കിസ്ഥാനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി. പഹൽഗാം ഭീകരാക്രമണത്തിനും ഓപ്പറേഷൻ സിന്ദൂറിനും ശേഷം ആദ്യമായി രാജ്യത്തെ അഭിസംബോധന ചെയ്തു നടത്തിയ പ്രസംഗത്തിൽ പാക്കിസ്ഥാന് കർശന മുന്നറിയിപ്പും താക്കീതും നൽകുന്ന പ്രധാനമന്ത്രിയെയാണ് കണ്ടത്. പഹൽഗാമിൽ പാക്ക് ഭീകരർ നടത്തിയ ക്രൂരകൃത്യത്തിന് ഇന്ത്യ ഇരട്ടിയായി തിരിച്ചടി നൽകിയത് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ആണവ ഭീഷണിയെന്ന ബ്ലാക്‌മെയിൽ തന്ത്രവുമായി ആരും ഇന്ത്യയ്ക്കെതിരെ വരേണ്ടെന്നും മോദി പാക്കിസ്ഥാനു മുന്നറിയിപ്പ് നൽകി. സ്വതവേ രാജ്യത്തെ അഭിസംബോധന ചെയ്തുള്ള പ്രസംഗങ്ങളിൽ ശാന്തത പുലർത്തിയിരുന്ന പ്രധാനമന്ത്രി ഇത്തവണ അതു പാലിച്ചില്ലെന്നത് ശ്രദ്ധേയമാണ്. സിന്ധു നദീജല ഉടമ്പടിയിലും പാക്കിസ്ഥാനുമായുള്ള ഭാവി ചർച്ചകളിലും നയം വ്യക്തമാക്കുകയും ചെയ്തു മോദി. രക്തവും ജലവും ഒരുമിച്ചൊഴുകില്ലെന്നും പാക്കിസ്ഥാനുമായി ഇനിയൊരു ചർച്ചയുണ്ടെങ്കിൽ അത് ഭീകരതയെക്കുറിച്ചും പാക്ക് അധിനിവേശ കശ്മീരിനെക്കുറിച്ചും മാത്രമായിരിക്കുമെന്നും പ്രധാനമന്ത്രി അസന്നിഗ്ധമായി പ്രഖ്യാപിച്ചു. ഇതുവരെ പ്രയോഗിക്കാത്ത തരത്തിൽ കടുത്ത വാക്കുകളും അദ്ദേഹം പാക്കിസ്ഥാനെതിരെ തൊടുത്തു. ഇന്ത്യയുടെ തിരിച്ചടിയിൽ വിറച്ച പാക്കിസ്ഥാൻ പ്രശ്നം പരിഹരിക്കാൻ ലോകത്തോടു മുഴുവൻ അപേക്ഷിക്കുകയായിരുന്നു എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. ഏതെങ്കിലും സർക്കാരുകൾ സ്പോൺസർ ചെയ്യുന്ന ഭീകരതയെയും ഭീകരസംഘടനകൾ ചെയ്യുന്ന ഭീകരവാദത്തെയും ഒരുപോലെ തന്നെ കാണുമെന്നും ഓപ്പറേഷൻ സിന്ദൂറിന്റെ സമയത്ത് പാക്കിസ്ഥാന്റെ വികൃതമുഖം ലോകം കണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.