ന്യൂഡൽഹി: വിദേശരാജ്യങ്ങളിലേക്കുള്ള സർവകക്ഷി പ്രതിനിധിസംഘത്തിന്റെ തലവനാവാൻ കോൺഗ്രസ് പ്രവർത്തകസമിതിയംഗം ശശി തരൂർ സർക്കാരിനോട് സമ്മതിച്ചത് പാർട്ടിയെ അറിയിക്കാതെ. പാർലമെന്ററികാര്യമന്ത്രി കിരൺ റിജിജു വിളിച്ചപ്പോൾ നേതൃത്വത്തെ അറിയിക്കുംമുൻപ് തരൂർ സമ്മതംമൂളിയതായി പാർട്ടി വൃത്തങ്ങൾ പറയുന്നത്. സർക്കാർ വിളിച്ചകാര്യം പാർട്ടിയെ അറിയിച്ചിരുന്നുവെന്നാണ് കഴിഞ്ഞദിവസം തരൂർ പ്രതികരിച്ചത്. സൽമാൻ ഖുർഷിദ് അടക്കമുള്ള നേതാക്കൾ കോൺഗ്രസ് നേതൃത്വത്തെ വിവരമറിയിച്ചപ്പോഴാണ് പ്രതിനിധിസംഘത്തിൽ ശശി തരൂർ ഉൾപ്പെട്ടതായി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയും അടക്കമുള്ളവർ അറിയുന്നത്. ഇത് സ്ഥിരീകരിക്കാൻ രാഹുൽ നേരിട്ട് തരൂരിനെ വിളിച്ചതായാണ് വിവരം. ജോൺ ബ്രിട്ടാസ്, ഇ.ടി. മുഹമ്മദ് ബഷീർ, കനിമൊഴി തുടങ്ങിയ നേതാക്കളെയും സർക്കാർ നേരിട്ടാണ് ക്ഷണിച്ചതെങ്കിലും ഇവർ ബന്ധപ്പെട്ട പാർട്ടിയുടെ സഭാനേതാക്കന്മാരാണെന്ന വ്യത്യാസമുണ്ട്. ഇവരെല്ലാം പാർട്ടി നേതൃത്വവുമായി ചർച്ചചെയ്തശേഷമാണ് റിജിജുവിനെ സമ്മതമറിയിച്ചത്. സഭാനേതാക്കൾ, പാർട്ടി അധ്യക്ഷർ എന്നിവരിൽനിന്ന് പേരുകൾ വാങ്ങിയശേഷം പാർലമെന്ററിസംഘത്തെ നിശ്ചയിക്കുന്നതാണ് പൊതുവേയുള്ള കീഴ്വഴക്കം. എന്നാൽ, ശശി തരൂർ അടക്കമുള്ളവരുടെ കാര്യത്തിൽ സർക്കാർ കീഴ്വഴക്കം തെറ്റിച്ചെന്നാണ് ആരോപണം. വിദേശകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എന്നനിലയിൽ തന്റെ ഉത്തരവാദിത്വമാണെന്ന നിലപാടിലാണ് തരൂർ. കിരൺ റിജിജു പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ആനന്ദ് ശർമ, സയ്യിദ് നാസർ ഹുസൈൻ, ഗൗരവ് ഗൊഗോയി, റാജാ ബ്രാർ എന്നിവരുടെ പേരുകൾ കോൺഗ്രസ് നൽകിയിരുന്നു. ഇതിൽ ആനന്ദ് ശർമയെമാത്രമാണ് ഉൾപ്പെടുത്തിയത്. വിശാലമായ ദേശീയതാത്പര്യം പരിഗണിച്ചാണ് തിരഞ്ഞെടുത്തവർക്ക് അനുമതി നൽകിയതെന്ന് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കുന്നത്.
കോൺഗ്രസ് പ്രവർത്തകസമിതിയംഗം ശശി തരൂർ സർക്കാരിനോട് സമ്മതിച്ചത് പാർട്ടിയെ അറിയിക്കാതെ
