കോവിൻ ആപ്പിലൂടെ വാക്‌സിനേഷന് രജിസ്റ്റർ ചെയ്യാം

https://selfregistration.cowin.gov.in/ എന്ന വെബ്സൈറ്റ് ലിങ്ക് വഴി 60 വയസിന് മുകളിലുള്ളവർക്കും 45-59 പ്രായ പരിധിയിലുള്ള ഗുരുതര രോഗ ബാധിതർക്കും കോവിഡ് വാക്‌സിനേഷനുള്ള രജിസ്‌ട്രേഷൻ ചെയ്യാവുന്നതാണ്. ആരോഗ്യ സേതു ആപ്പ് വഴിയോ പോർട്ടൽ വഴിയോ രജിസ്റ്റർ ചെയ്യാവുന്നതാണ്. വാക്‌സിൻ വിതരണ കേന്ദ്രങ്ങളിൽ നേരിട്ടെത്തി പേര് രജിസ്റ്റർ ചെയ്യാനുള്ള സൗകര്യം നിലവിൽ ഇല്ല. എന്നാൽ വൈകാതെ തന്നെ അതിനുള്ള സൗകര്യമൊരുക്കും.

ആപ്പ് വഴിയോ പോർട്ടൽ വഴിയോ രജിസ്റ്റർ ചെയ്യുന്നവർ രജിസ്‌ട്രേഷൻ സമയത്ത് ഫോട്ടോ തിരിച്ചറിയൽ കാർഡിന്റെ അടിസ്ഥാന വിവരങ്ങൾ നൽകണം. മൊബൈൽ നമ്പർ നൽകി ഒടിപി പരിശോധനയും നടത്തണം. അത് പൂർത്തിയായി കഴിഞ്ഞാൽ വാക്‌സിനേഷൻ കേന്ദ്രങ്ങളുടെ പട്ടികയും ഒഴിവുള്ള സമയവും ലഭ്യമാകും. ലഭ്യമായ സമയം നോക്കി സൗകര്യപ്രദമായ ഏതു കേന്ദ്രത്തിലും വാക്‌സിനേഷൻ ബുക്ക് ചെയ്യാം.

സർക്കാർ ആശുപത്രികൾ വഴി വാക്‌സിനേഷൻ സൗജന്യമായി ലഭിക്കും. 250 രൂപ നിരക്കിൽ സംസ്ഥാനത്തെ 395 സ്വകാര്യ ആശുപത്രികളിൽ നിന്നും വാക്‌സിൻ എടുക്കാനുള്ള സൗകര്യമുണ്ട്. ഒരു മൊബൈൽ നമ്പർ ഉപയോഗിച്ച് നാല് പേരെ രജിസ്റ്റർ ചെയ്യാം. രജിസ്റ്റർ ചെയ്തവർക്കായി അക്കൗണ്ട് ഉണ്ടാകും. വാക്‌സിനേഷൻ എടുക്കുന്നതുവരെ രജിസ്‌ട്രേഷൻ, അപ്പോയ്ന്റ്മെന്റ് തുടങ്ങിയ കാര്യങ്ങളിൽ തിരുത്തൽ വരുത്താനുള്ള സൗകര്യമുണ്ട്. ആദ്യ ഡോസ് ബുക്ക് ചെയ്യുമ്പോൾ തന്നെ രണ്ടാം ഡോസ് വാക്‌സിനേഷൻ എടുക്കുന്നതിനുള്ള തിയതിയും ലഭ്യമാകും. രജിസ്‌ട്രേഷൻ പൂർത്തിയായാൽ ഡൗൺലോഡ് ചെയ്യാവുന്ന ടോക്കൺ ലഭിക്കും. ബുക്കിംഗ് സ്ഥിരീകരിച്ചതിന്റെ സന്ദേശം മൊബൈലിലും ലഭിക്കും.