പരിസ്ഥിതി സൗഹൃദ തെരഞ്ഞെടുപ്പിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു

തിരുവനന്തപുരം : 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹൃദമാക്കുന്നതിനായി ഇലക്ഷന്‍ വകുപ്പ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു.സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ പാര്‍ട്ടികളും പി.വി.സി ഫല്‍്സുകള്‍, ബാനറുകള്‍, ബോര്‍ഡുകള്‍, പ്ലാസ്റ്റിക് കൊടി തോരണങ്ങള്‍ എന്നിവ പ്രചാരണത്തിനായി ഉപയോഗിക്കരുത്. പി.വി.സി പ്ലാസ്റ്റിക് കലര്‍ന്ന കൊറിയന്‍ ക്ലോത്ത്, നൈലോണ്‍, പോളിസ്റ്റര്‍ തുണി തുടങ്ങി പ്ലാസ്റ്റിക്കിന്റെ അംശമോ, പ്ലാസ്റ്റിക്ക് കോട്ടിങ്ങോ ഉള്ള പുന:ചംക്രമണ സാധ്യമല്ലാത്ത ബാനര്‍, ബോര്‍ഡുകള്‍ തുടങ്ങിയവയുടെ ഉപയോഗവും ഒഴിവാക്കണം.

കോട്ടണ്‍ തുണി, പേപ്പര്‍, പോളി എത്തിലീന്‍ തുടങ്ങിയ പുനരുപയോഗ പുന:ചംക്രമണ സാധ്യമായ വസ്തുക്കള്‍ ഉപയോഗിച്ച് അച്ചടിക്കുന്ന ബാനറുകളോ, ബോര്‍ഡുകളോ മാത്രമേ പ്രചാരണ പരിപാടികള്‍ക്ക് ഉപയോഗിക്കാവൂ.പ്രിന്റ് ചെയ്യുമ്പോള്‍ റീസൈക്ലബിള്‍, പി.വി.സി ഫ്രീ എന്ന ലോഗോയും, ഉപയോഗം അവസാനിക്കുന്ന തീയതിയും, പ്രിന്റു ചെയ്യുന്ന സ്ഥാപനത്തിന്റെ പേരും, പ്രിന്റിംഗ് നമ്പരും നിര്‍ബന്ധമായും പ്രചാരണ സാമഗ്രികളില്‍ ഉള്‍പ്പെടുത്തണം.

നിരോധിത ഉത്പ്പന്നങ്ങളുടെ ഉപയോഗത്തിനെതിരെ അനുയോജ്യ നിയമ നടപടികള്‍ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ സ്വീകരിക്കണം. പ്രചാരണ സാമഗ്രികള്‍ ഉപയോഗശേഷം അതത് രാഷ്ട്രീയ പാര്‍ട്ടികള്‍ ശേഖരിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഹരിതകര്‍മ്മ സേന മുഖേന ക്ലീന്‍ കേരള കമ്പനിക്ക് കൈമാറണം.രാഷ്ട്രീയ പാര്‍ട്ടികളുടെ ഇലക്ഷന്‍ ഓഫീസുകള്‍ അലങ്കരിക്കുന്നതിന് പ്രകൃതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിക്കണം. പോളിംഗ് ബൂത്തുകളില്‍ നിരോധിത പ്ലാസ്റ്റിക് വസ്തുക്കള്‍ പൂര്‍ണ്ണമായും ഒഴിവാക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പ്രത്യേകം ശ്രദ്ധിക്കണം.

തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടികളില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ സംബന്ധിച്ച് ബോധവല്‍ക്കരണം നടത്തണം. തിരഞ്ഞെടുപ്പില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ബയോമെഡിക്കല്‍ മാലിന്യ സംസ്‌ക്കരണം സംബന്ധിച്ച് ഉത്തരവിനനുസരിച്ച് നടപടി സ്വീകരിക്കണം. ഹരിതചട്ടം പാലിക്കുന്നതിനുള്ള നോഡല്‍ ഓഫീസര്‍ ശുചിത്വ മിഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടറായിരിക്കുമെന്നും ഉത്തരവില്‍ പറയുന്നു.