ഓഖി ചുഴലിക്കൊടുങ്കാറ്റ് : 135 കിലോമീറ്റർ വേഗത്തിൽ ലക്ഷദ്വീപിൽ ആഞ്ഞടിക്കുന്നു

ഓഖി ചുഴലിക്കൊടുങ്കാറ്റ്  135 കിലോമീറ്റർ വേഗത്തിൽ ലക്ഷദ്വീപിൽ വീശുന്നു.കേരളത്തില്‍ ഇടവിട്ട കനത്തമഴയും ശക്തമായ കാറ്റും തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.മിനിക്കോയ്, കല്‍പ്പേനി, കവരത്തി, ആന്‍ഡ്രോത്ത്, അഗതി, അമിനി, കടമത്, കില്‍ട്ടന്‍, ബിത്ര, ചെത്‌ലത്ത് എന്നിവിടങ്ങളില്‍ കനത്ത മഴ തുടരുകയാണ്. കല്‍പേനയിലും മിനിക്കോയിലും വീടുകളുടെ മേല്‍ക്കൂരകള്‍ തകര്‍ന്നു. കല്‍പേനിയിലെ ബോട്ടുജെട്ടി ഭാഗികമായി തകര്‍ന്നു. കവരത്തിയുടെ വടക്കന്‍പ്രദേശത്ത് കടല്‍ കയറി. ദുരിതമേഖലകളിലെ ജനങ്ങളെ സ്കൂളുകളിലേക്കു മാറ്റി. മിനിക്കോയിൽ വാർത്താവിതരണ സംവിധാനങ്ങൾ തകർന്നു. ചുഴലിക്കാറ്റ് ‘അതിതീവ്ര’ വിഭാഗത്തിലേക്കു മാറിയെന്നാണ് റിപ്പോർട്ട്.

കേരളതീരത്തുനിന്ന് കടലിലില്‍ പോയ നിരവധി മത്സ്യബന്ധനത്തൊഴിലാളികള്‍ ഇപ്പോഴും കടലില്‍ കുടുങ്ങിക്കിടക്കുകയാണ്.സൈന്യവും കോസ്റ്റ് ഗാര്‍ഡും തിരച്ചില്‍ തുടരുകയാണ്. തമിഴ്‌നാട്ടില്‍നിന്നുള്ള ദുരന്തനിവാരണസേനയും തിരച്ചിലില്‍ പങ്കു ചേരുന്നുണ്ട്.

ഇതുവരെ 300 മത്സ്യത്തൊഴിലാളികളെ കരയിലെത്തിച്ചു. തിരുവനന്തപുരത്തുനിന്നു പോയ 102 പേര്‍ തിരിച്ചെത്താനുണ്ടെന്ന് ജില്ലാ കളക്ടര്‍ വാസുകി അറിയിച്ചു. . സ്വന്തം നിലയ്ക്ക് രക്ഷാപ്രവര്‍ത്തനത്തിന് മുതിരരുതെന്നും കളക്ടര്‍ അറിയിച്ചു. തിരുവനന്തപുരത്തെ വിഴിഞ്ഞം, പെരുമാതുറ എന്നിവിടങ്ങളില്‍നിന്ന് നൂറിലധികം ആളുകളെയാണ് കാണാതായത്.തിരുവനന്തപുരത്തുനിന്ന് പോയവരാണ് തിരിച്ചെത്താനുള്ളവരില്‍ അധികവും.

ഇനിയും കരയിലെത്താന്‍ ബാക്കിയുള്ളവരുടെ കണക്ക് ശേഖരിക്കാന്‍ വില്ലേജ് ഓഫീസര്‍മാര്‍ക്ക് കളക് ടര്‍മാര്‍ നിര്‍ദേശം നല്‍കി. അതേസമയം കടലില്‍ പോയവരുടെ കണക്കെടുക്കാന്‍ കളക്ടര്‍മാര്‍ വില്ലേജ് ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആറുപേരെ കാണാതായിട്ടും തിരച്ചില്‍ ഊര്‍ജിതമല്ലെന്ന് ആരോപിച്ച് തിരുവനന്തപുരം തുമ്പയില്‍ നാട്ടുകാര്‍ പ്രതിഷേധം ആരംഭിച്ചു. എറണാകുളം ചെല്ലാനത്ത് കടല്‍ക്ഷോഭിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. ദുരിതാശ്വാസ ക്യാമ്പിലെത്തിയ കെ വി തോമസ് എം പിയെ നാട്ടുകാര്‍ തടഞ്ഞുവച്ചു.