‘കൈറ്റിന് ‘ ദേശിയ അംഗീകാരം

തിരുവനന്തപുരം : നീതി ആയോഗ് പ്രസിദ്ധീകരിച്ച മനുഷ്യ വിഭവ ശേഷി വിഭാഗത്തിലെ മികച്ച മാതൃകകളുടെ സംക്ഷിപ്ത പട്ടികയില്‍ കേരളത്തില്‍ നിന്ന് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) ഇടം പിടിച്ചു. സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തല്‍, വിവര സാങ്കേതികവിദ്യ ഉപയോഗം, പരിശീലനം, ഉള്ളടക്ക വികസനം, കണക്ടിവിറ്റി, ഇ-ലേണിംഗ്, സാറ്റലൈറ്റധിഷ്ഠിത വിദ്യാഭ്യാസം, പിന്തുണാ-പരിപാലന സംവിധാനം, ഇ-ഗവേര്‍ണന്‍സ് എന്നീ മേഖലയിലെ കൈറ്റിന്റെ ഇടപെടല്‍ രാജ്യത്തും പുറത്തും മാതൃകയാണെന്നാണ്  നവംബര്‍ 17 ന് പുറത്തിറക്കിയ റിപ്പോര്‍ട്ടിലുള്ളത്.

ഹൈടെക് സ്‌കൂള്‍ പദ്ധതികളുടെ ഭാഗമായി സംസ്ഥാനത്തെ 16027 സര്‍ക്കാര്‍-എയിഡഡ് സ്‌കൂള്‍ യൂണിറ്റുകളില്‍ 374274 ഉപകരണങ്ങളുടെ വിന്യാസം, 12678 സ്‌കൂളുകളില്‍ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ്, 183440 അധ്യാപകര്‍ക്ക് പ്രത്യേക ഐടി പരിശീലനം, സമഗ്ര വിഭവ പോര്‍ട്ടല്‍, ലിറ്റില്‍ കൈറ്റ്സ് ഐടി ക്ലബ്ബുകള്‍ തുടങ്ങിയ പദ്ധതികള്‍ കൈറ്റ് പൂര്‍ത്തിയാക്കിയിരുന്നു. ജൂണ്‍ 1 മുതല്‍ കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെയാണ് ‘ഫസ്റ്റ് ബെല്‍’ എന്ന പേരില്‍ ഡിജിറ്റല്‍ ക്ലാസുകള്‍ സംപ്രേഷണം ചെയ്തു വരുന്നത്.

ഇന്നൊവേഷന്‍, ടെക്നോളജി, ജെന്റര്‍ മെയിന്‍സ്ട്രീമിംഗ്, കണ്‍വര്‍ജന്‍സ് തുടങ്ങിയ മേഖലകളില്‍ കാര്യമായി സ്വാധീനം ചെലുത്തിയതും രാജ്യത്തിനകത്തും പുറത്തും അനുകരിക്കാവുന്ന 23 പ്രോജക്ടുകളാണ് ബെസ്റ്റ് പ്രാക്ടീസസ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത് എന്ന് റിപ്പോര്‍ട്ടിന്റെ ആമുഖമായി നീതി ആയോഗ് പറയുന്നു.