പത്തനംതിട്ട : ജില്ലയിലെ സ്‌പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് വിതരണം വേഗത്തിലാക്കാന്‍ നഗരസഭ തലത്തില്‍ ഒരു ടീമിനേയും പറക്കോട് ബ്ലോക്കില്‍ മൂന്നു ടീമുകളേയും മറ്റു ബ്ലോക്കുകളില്‍ രണ്ടു ടീമുകളേയും അധികമായി നിയോഗിച്ചതായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ പി.ബി.നൂഹ് പറഞ്ഞു. ബ്ലോക്ക്, നഗരസഭ റിട്ടേണിംഗ് ഓഫീസര്‍മാരുടെ യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു കളക്ടര്‍. തെരഞ്ഞെടുപ്പു മുന്നൊരുക്കങ്ങള്‍ എല്ലാം തന്നെ പൂര്‍ത്തിയായി കഴിഞ്ഞു. നിലവില്‍ 8858 പേരാണ് സ്‌പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് ലിസ്റ്റിലുള്ളത്. ഇന്ന്(ഡിസംബര്‍ 7) ഉച്ചകഴിഞ്ഞ് മൂന്നിനാണ് അവസാന ലിസ്റ്റ് ലഭിക്കുക. സ്‌പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് ജോലികള്‍ക്കായി പോകുന്നവരുടെ പിപിഇ കിറ്റ് അതത് താലൂക്ക് ആശുപത്രികളിലോ, പ്രവര്‍ത്തനം നടക്കുന്ന സിഎഫ്എല്‍ടിസികളിലോ സംസ്‌കരിക്കാം.
തെരഞ്ഞെടുപ്പ് ജോലികള്‍ക്ക് എത്താത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കും. ഒരു പഞ്ചായത്തിലെ റിസര്‍വ് ഓഫീസര്‍മാര്‍ തീര്‍ന്നു പോയാല്‍ ബ്ലോക്ക് റിട്ടേണിംഗ് ഓഫീസറുടെ നിര്‍ദേശപ്രകാരം അടുത്ത പഞ്ചായത്തില്‍ നിന്നും ഓഫീസര്‍മാരെ എടുക്കാവുന്നതാണ്. വെബ് കാസ്റ്റിംഗ് ഉള്ള അഞ്ചു ബൂത്തുകളിലും വെബ്കാസ്റ്റിംഗ് നടക്കുന്നെന്ന് റിട്ടേണിംഗ് ഓഫീസര്‍മാര്‍ ഉറപ്പു വരുത്തണം. ബ്ലോക്ക്, നഗരസഭ തലത്തില്‍ കണ്‍ട്രോള്‍ റൂം തുറന്നു പ്രവര്‍ത്തിക്കണം. പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്ന മാസ്‌ക്, ഗ്ലൗസ്, പിപിഇ കിറ്റ് എന്നിവ ബ്ലോക്കുതലത്തില്‍ ശേഖരിക്കുന്നതിനുള്ള സംവിധാനമൊരുക്കണം.