തിരുവനന്തപുരം: സാധാരണ ജനങ്ങളില്‍ ഇന്റര്‍നെറ്റ് അവബോധം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ ഇ-കേരളം പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. വ്യവസായ വകുപ്പിന് കീഴിലുള്ള കേരള സ്റ്റേറ്റ് റൂട്രോണിക്സ് ആണ് പദ്ധതി നടപ്പാക്കുക. ബൃഹത്തായ ഇന്റര്‍നെറ്റ് അധിഷ്ഠിത കമ്പ്യൂട്ടര്‍ സാക്ഷരതാ പദ്ധതി ഒരു കോടി ജനങ്ങള്‍ക്ക് പ്രയോജനകരമാകും എന്നാണ് വിലയിരുത്തല്‍.
കൊവിഡിന്റെ പ്രത്യേക സാഹചര്യത്തില്‍ ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ സാധാരണ ജീവിതത്തിന്റെ ഭാഗമാകുന്ന കാലത്ത് വിദ്യാര്‍ത്ഥികളെയും യുവാക്കളെയും പോലെ മുതിര്‍ന്നവരെയും ഇത്തരം കാര്യങ്ങളില്‍ അറിവുള്ളവരാക്കാന്‍ ഇ-കേരളം പദ്ധതി സഹായിക്കും. ഓണ്‍ലൈന്‍ ബാങ്കിംഗ്, ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ്, സൈബര്‍ സെക്യൂരിറ്റി, ഓണ്‍ലൈന്‍ വിദ്യാഭ്യാസം തുടങ്ങിയ വിഷയങ്ങളില്‍ നല്കുന്ന ക്ലാസ് സുരക്ഷിതമായ ഇന്റര്‍നെറ്റ് ഉപയോഗത്തിന് ജനങ്ങളെ പ്രാപ്തരാക്കും. സ്കൂള്‍ തലം മുതല്‍ ഉള്ളവരെയാണ് പദ്ധതിയുടെ ഭാഗമാക്കുന്നത്. റൂട്രോണിക്സിന്റെ നെറ്റ്വര്ക്കിലുള്ള അധ്യാപകരുടെ സേവനവും ഇതിനായി ഉപയോഗപ്പെടുത്തും. ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് പുറമെ ആവശ്യാനുസരണം കോണ്ടാക്ട് ക്ലാസുകളും സജ്ജീകരിക്കും.