വോട്ടെടുപ്പ് രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴുവരെ, നക്‌സൽ ബാധിത പ്രദേശങ്ങളിൽ ആറ് മണിക്ക് വോട്ടെടുപ്പ് അവസാനിക്കും

തിരുവനന്തപുരം: കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ രാവിലെ ഏഴു മണി മുതൽ വൈകിട്ട് ഏഴു വരെയാണ് വോട്ടെടുപ്പെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ വാർത്താസമ്മേളനത്തിൽ പറഞ്ഞു. നക്‌സൽ ബാധിത പ്രദേശങ്ങളിലെ ബൂത്തുകളിൽ വൈകിട്ട് ആറിന് വോട്ടെടുപ്പ് അവസാനിക്കും. കേരളത്തിൽ 298 നക്‌സൽ ബാധിത ബൂത്തുകളാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ കണ്ടെത്തിയിരിക്കുന്നത്. പാലക്കാട്, മലപ്പുറം, കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിലാണ് നക്‌സൽ ബാധിത ബൂത്തുകളുള്ളത്. നക്‌സൽ ബാധിത ബൂത്തുകളിലും ക്രിട്ടിക്കൽ, വൾനറബിൾ ബൂത്തുകളിലും പോളിംഗ് സ്‌റ്റേഷൻ വളപ്പിനുള്ളിൽ കേന്ദ്ര സേനയെയാണ് നിയോഗിക്കുകയെന്ന് അദ്ദേഹം പറഞ്ഞു. 549 ക്രിട്ടിക്കൽ ലൊക്കേഷൻ ബൂത്തുകളും 433 വൾനറബിൾ ബൂത്തുകളുമുണ്ട്.

ഇത്തവണ 50 ശതമാനം പോളിംഗ് ബൂത്തുകളിലും വെബ്കാസ്റ്റിംഗ് ഏർപ്പെടുത്തും. പോളിംഗ് ഉദ്യോഗസ്ഥർ നിഷ്പക്ഷത പാലിക്കണം. നല്ല രീതിയിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരെ തിരഞ്ഞെടുപ്പ് സമയത്തും അതിനു ശേഷവും തിരഞ്ഞെടുപ്പ് കമ്മിഷൻ സംരക്ഷിക്കും. കാഴ്ചപരിമിതരായ വോട്ടർമാർക്കായി ബ്രെയിൽ സ്‌ളിപ്പുകൾ വിതരണം ചെയ്യും. എല്ലാ പോളിംഗ് ബൂത്തുകളിലും ഇത്തരത്തിലെ ഒരു ഡമ്മി ബാലറ്റ് പ്രിസൈഡിംഗ് ഓഫീസറുടെ മേശപ്പുറത്ത് ഉണ്ടാകും. കാഴ്ചപരിമിതിയുള്ള വോട്ടർമാർക്ക് ഇതിൽ ട്രയൽ ചെയ്യാൻ അവസരം നൽകും. ഇത്തരത്തിൽ 45000 ഡമ്മി ബ്രെയിൽ സ്‌ളിപ്പുകൾ പ്രിന്റ് ചെയ്യും. ഫോട്ടോ ഒഴിവാക്കിയുള്ള വോട്ടർ സ്‌ളിപ്പുകളാവും ഇത്തവണ വിതരണം ചെയ്യുക. ഇംഗ്‌ളിഷിലും മലയാളത്തിലുമുള്ള വോട്ടർ ഗൈഡും വിതരണം ചെയ്യുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു.

കോവിഡ് ബാധിതർക്ക് അവസാന മണിക്കൂറിൽ വോട്ട് ചെയ്യാം. ഇവരുടെ കണക്ക് പ്രിസൈഡിംഗ് ഓഫീസർമാർ പ്രത്യേകം സൂക്ഷിക്കണം. എല്ലാ പോളിംഗ് ബൂത്തുകളിലും വോട്ടർമാരുടെ താപനില പരിശോധിക്കും. ചൂട് കൂടുതൽ കണ്ടെത്തുന്ന വോട്ടർമാരെ മാറ്റി നിർത്തും. ഒരു മണിക്കൂറിന് ശേഷം വീണ്ടും പരിശോധിക്കും. അപ്പോഴും താപനില കൂടുതൽ കണ്ടെത്തിയാൽ അവർക്ക് അവസാന മണിക്കൂറിൽ വോട്ട് ചെയ്യാൻ അവസരം നൽകും. പോളിംഗ് ബൂത്തിൽ എത്തുന്ന വോട്ടർമാർ ഉദ്യോഗസ്ഥർക്ക് തിരിച്ചറിയുന്നതിനായി മാസ്‌ക്ക് താഴ്ത്തിക്കാണിക്കണം. സ്ത്രീകൾ, പുരുഷൻമാർ, മുതിർന്നപൗരൻമാർ/ ഭിന്നശേഷിക്കാർ എന്നിവർക്കായി ബൂത്തുകളിൽ മൂന്ന് പ്രത്യേക ക്യൂ ഉണ്ടാവും. ഭിന്നശേഷി വോട്ടർമാർക്കായി പ്രത്യേക യാത്രാ സൗകര്യം ഒരുക്കും. വോട്ടുചെയ്യാൻ എത്തുന്ന ഭിന്നശേഷിക്കാർക്ക് പൊതുഗതാഗത സംവിധാനത്തിൽ സൗജന്യ പാസ് നൽകും.