കോവിഡ് വ്യാപനം; ഭക്ഷ്യസാധനങ്ങളും മരുന്നുകളും വീട്ടിലെത്തിക്കാന്‍ കണ്‍സ്യൂമര്‍ ഫെഡ്

ആലപ്പുഴ: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ സംസ്ഥാനത്ത് കര്‍ശനമാക്കിയ സാഹചര്യത്തില്‍ ഭക്ഷ്യസാധനങ്ങളും മരുന്നുകളും വീടുകളില്‍ എത്തിക്കുന്നതിനുള്ള നടപടികളുമായി കണ്‍സ്യൂമര്‍ഫെഡ്. കണ്‍സ്യൂമര്‍ഫെഡിന്റെ ആലപ്പുഴ റീജിയണിന്രെ നേതൃത്വത്തിലാണ് വിപണിയില്‍ ഇടപെടുന്നത്. ആലപ്പുഴ റീജിയണിന് കീഴിലുള്ള എല്ലാ ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകളിലും നീതി മെഡിക്കല്‍ സ്റ്റോറുകളിലും ഹോം ഡെലിവറി സംവിധാനം ആരംഭിച്ചു. സാധാരണ വീട്ടാവശ്യത്തിനുള്ള എല്ലാ സാധനങ്ങളും ഹോം ഡെലിവറിയായി എത്തിച്ചു കൊടുക്കും.

സൂപ്പര്‍ മാര്‍ക്കറ്റുകളുടെ വാട്സ്ആപ്പ് നമ്പറില്‍ നല്‍കുന്ന ഇന്‍ഡന്റുും വിലാസവും പരിഗണിച്ച് കണ്‍സ്യൂമര്‍ഫെഡ് ജീവനക്കാര്‍ മരുന്ന് ഉള്‍പ്പെടെയുള്ള ഭക്ഷ്യസാധനങ്ങള്‍ വീടുകളില്‍ എത്തിക്കും. കൂടാതെ ആലപ്പുഴ റീജിയണിലെ 5 മൊബൈല്‍ ത്രിവേണികള്‍ വിവിധ കണ്ടെയ്ന്‍മെന്റ് സോണുകളിലും കടലോര ഗ്രാമീണ മേഖലകളിലും ആവശ്യകതയനുസരിച്ച് റൂട്ട് തയ്യാറാക്കി സാധനങ്ങള്‍ എത്തിക്കുമെന്നും കണ്‍സ്യൂമര്‍ഫെഡ് അറിയിച്ചു. കണ്‍സ്യൂമര്‍ഫെഡിലെ റീജിയണല്‍ ഓഫീസ് നമ്പറുകളില്‍ ബന്ധപ്പെട്ടാലും സേവനം ലഭിക്കും. ഫോണ്‍:9447273001, 9846093470, 9633225541, 9562573679