കോവിഡ് 19 മായി ബന്ധപ്പെട്ട ദുരിതാശ്വാസ ഉല്‍പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിനായി നികുതി ഇളവു നല്‍കി കേന്ദ്രസര്‍ക്കാര്‍ ഉത്തരവായ സാഹചര്യത്തില്‍ ഇറക്കുമതിക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കി.
ദുരിതാശ്വാസ ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിനായി പ്രവാസികളില്‍ നിന്ന് അനേകം അന്വേഷണങ്ങള്‍ സംസ്ഥാന സര്‍ക്കാരിന് ലഭിക്കുന്ന സാഹചര്യത്തില്‍ വ്യവസായ, നോര്‍ക്ക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ. ഇളങ്കോവന്റെ നേതൃത്വത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക സെല്‍ രൂപീകരിച്ചു.
ജി.എസ്.ടി സ്‌പെഷ്യല്‍ കമ്മീഷണര്‍ എസ്. കാര്‍ത്തികേയന്‍, കേരളാ ടൂറിസം ഡെവലപ്പ്മെന്റ് കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ വി.ആര്‍. കൃഷ്ണതേജ, കോളീജിയേറ്റ് എജുക്കേഷന്‍ ഡയറക്ടര്‍, വി. വിഘ്നേശ്വരി, ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ നോര്‍ക്ക റൂട്ട്സ് ഹരികൃഷ്ണന്‍ നമ്പൂതിരി എന്നിവരാണ് പ്രത്യേക സെല്ലിലെ മറ്റ് അംഗങ്ങള്‍. സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിച്ച് കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (കെ.എം.എസ്.സി.എല്‍) ആയിരിക്കും വിദേശ ദാതാക്കളില്‍ നിന്നും കോവിഡ് ദുരിതാശ്വാസ ഉല്‍പ്പന്നങ്ങള്‍ സ്വീകരിക്കുക. ദുരിതാശ്വാസ ഉല്‍പ്പന്നങ്ങള്‍ സമാഹരിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്കാ റൂട്ട്സിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ഉല്‍പ്പന്നങ്ങളുടെ കയറ്റിറക്ക് സുഗമമാക്കാന്‍ പ്രവാസി അസോസിയേഷനും മറ്റ് വിദേശ ദാതാക്കള്‍ക്കുമായി നോര്‍ക്കാ റൂട്ട്സ് എസ്.ഒ.പി. പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഉല്‍പ്പന്നങ്ങള്‍ നല്‍കാന്‍ തയ്യാറായുള്ള ദാതാക്കള്‍/ പ്രവാസി അസോസിയേഷനുകള്‍ സമ്മതമറിയിച്ചുള്ള കത്ത് ceo.norka@kerala.gov.in എന്ന വിലാസത്തിലേക്ക് അയയ്ക്കണം.
ഇറക്കുമതി ചെയ്യുന്ന എല്ലാ ഉല്‍പ്പന്നങ്ങളും മാനേജിങ് ഡയറക്ടര്‍, കേരള സ്റ്റേറ്റ് മെഡിക്കല്‍ കോര്‍പ്പറേഷന്‍, തൈക്കാട്, തിരുവനന്തപുരം എന്ന വിലാസത്തിലേക്കാണ് അയക്കേണ്ടത്. ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവില്‍ ഉള്‍പ്പെട്ടവയാണെങ്കില്‍ നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ വിദേശ ദാതാവിനെ അംഗീകരിച്ചു എന്ന് കാണിച്ചുകൊണ്ടുള്ള ഒരു കത്ത് ദാതാവിനും ജി.എസ്.ടി സ്‌പെഷ്യല്‍ കമ്മീഷണര്‍ക്കും കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷനും, അയക്കുന്നതായിരിക്കും. അംഗീകരിച്ചുള്ള കത്തില്‍ കമ്പനി തിരിച്ചറിയല്‍ നമ്പര്‍, ഇറക്കുമതി/ കയറ്റുമതി സര്‍ട്ടിഫിക്കറ്റ് നമ്പര്‍, നോഡല്‍ ഓഫീസറുടെ വിലാസം, ഫോണ്‍ നമ്പര്‍, അനക്ഷ്വര്‍ ‘എ’ (കോവിഡ് 19 ദുരിതാശ്വാസ ഉല്‍പ്പന്നങ്ങളുടെ നികുതി ഇളവ് സംബന്ധിച്ച വിവരങ്ങള്‍) എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ടാവും. അനക്ഷ്വര്‍ ‘എ’ യിലെ സീരിയല്‍ നമ്പര്‍ 1, 2, 3, 4, 6 എന്നീ വിവരങ്ങള്‍ വിദേശ ദാതാവ് പൂരിപ്പിക്കുകയും സെല്‍ഫ് ഡിക്ലറേഷന്‍ കോപ്പിയോടൊപ്പം covidreliefkerala@gmail.com, ceo.norka@kerala.gov.in എന്നീ വിലാസത്തിലേക്ക് അയക്കുകയും ചെയ്യണം.
അനക്ഷ്വര്‍ ‘എ’ യിലെ ആറാം നമ്പര്‍ കോളത്തില്‍ കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് എന്ന് പൂരിപ്പിക്കേണ്ടതാണ്. ഇതോടൊപ്പമുള്ള സീരിയല്‍ നമ്പര്‍ 5, 7, 8 എന്നിവയുടെ വിവരങ്ങള്‍ പൂരിപ്പിക്കേണ്ടതില്ല. അനക്ഷ്വര്‍ ‘ബി’ ജിഎസ്ടി സ്പെഷ്യല്‍ കമ്മീഷണര്‍, കസ്റ്റംസ് കമ്മീഷണര്‍ക്കും വിദേശ ദാതാക്കള്‍ക്കും കെ.എം.എസ്.സി.എല്‍നും നോര്‍ക്കാ റൂട്ട്സിനും കൈമാറും. ദുരിതാശ്വാസ ഉല്‍പ്പന്നങ്ങള്‍ കൈമാറുന്ന ദാതാവ് കാര്‍ഗോ വിവരങ്ങള്‍ കെ.എം.എസ്.സി.എല്‍ നും നോര്‍ക്ക റൂട്ട്സിനും കൈമാറണം. ഇവ ലഭിക്കുന്ന മുറയ്ക്ക് കെ.എം.എസ്.സി.എല്‍ കസ്റ്റംസുമായി ചേര്‍ന്ന് മറ്റുകാര്യങ്ങള്‍ ഏകോപിപ്പിക്കും. കെ.എം.എസ്.സി.എല്‍ നോര്‍ക്ക-റൂട്ട്‌സിനും സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ക്കും 24 മണിക്കൂറിനകം ഉല്‍പ്പന്നങ്ങള്‍ ലഭ്യമാകുന്ന മുറയ്ക്ക് വിവരങ്ങള്‍ അറിയിക്കുന്നതായിരിക്കും. താഴെപ്പറയുന്ന ഉല്‍പ്പന്നങ്ങള്‍ക്കാണ് സംസ്ഥാന ജി.എസ്.ടി കമ്മീഷണര്‍ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം നികുതി ഇളവ് ലഭ്യമാകുന്നത്.
റംഡേസിവര്‍ (Remdesivir) ആക്ടീവ് ഫാര്‍മസ്യൂട്ടിക്കല്‍ ഉല്‍പ്പന്നങ്ങള്‍, ബീറ്റ സൈക്ലോഡെക്സ്ട്രിന്‍ (Cyclodextrin) (SBEBCD), , റംഡേസിവര്‍ (Remdesivir) ഇന്‍ജക്ഷന്‍, ഫ്ളോ മീറ്റര്‍, റെഗുലേറ്റര്‍, കണക്ടര്‍, ട്യൂബിങ് എന്നിവ ഉള്‍പ്പെടുന്ന ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്റര്‍, മെഡിക്കല്‍ ഓക്സിജന്‍, വാക്വം പ്രഷര്‍, സ്വിങ് അപ്സോബ്ഷന്‍ (VPSA), പ്രഷര്‍ സ്വിങ്, അബ്സോര്‍ബ്ഷന്‍ ഓക്സിജന്‍ പ്ലാന്റ് (PSA), ക്രയോജനിക് ഓക്സിജന്‍ എയര്‍ സെപ്പറേഷന്‍ യൂണിറ്റുകള്‍ (ASU), ലിക്വിഡ്/ ഗ്യാസ് ഓക്സിജന്‍ ഉല്‍പ്പാദിപ്പിക്കുന്നവ, ഓക്സിജന്‍ കാനിസ്റ്റര്‍, ഓക്സിജന്‍ ഫില്ലിംഗ് സിസ്റ്റം, ഓക്സിജന്‍ സ്റ്റോറേജ് ടാങ്കുകള്‍, ഓക്സിജന്‍ ജനറേറ്റര്‍, ഓക്സിജന്‍ കയറ്റുമതിയ്ക്കുള്ള ഐ.എസ്.ഒ കണ്ടൈനറുകള്‍, ക്രയോജനിക് ഓക്സിജന്‍ റോഡ് ട്രാന്‍സ്പോര്‍ട്ട് ടാങ്കുകള്‍, ക്രയോജനിക് സിലിണ്ടറുകളും ടാങ്കുകളും ഉള്‍പ്പെടുന്ന ഓക്സിജന്‍ സിലിണ്ടറുകള്‍, ഓക്സിജന്‍ ഉല്‍പ്പാദിപ്പിക്കാവുന്ന ഉപകരണങ്ങള്‍, കംപ്രസറുകള്‍ ഉള്‍പ്പെടുന്ന വെന്റിലേറ്ററുകള്‍, ട്യൂബിങുകള്‍, ഹ്യൂമിഡിഫയറുകള്‍, വൈറല്‍ ഫില്‍റ്ററുകള്‍, ഹൈഫ്ളോ നേസല്‍ ക്യാനുല ഉപകരണങ്ങള്‍, നോണ്‍ ഇന്‍വാസീവ് വെന്റിലേഷനുള്ള ഹെല്‍മ്മറ്റുകള്‍, ഐ.സി.യു വെന്റിലേറ്ററുകള്‍ക്ക് വേണ്ടിയുള്ള നോണ്‍ ഇന്‍വാസീവ് വെന്റിലേഷന്‍ ഓറോനേസല്‍ മാസ്‌ക്, നേസല്‍ മാസ്‌ക്, കോവിഡ് 19 വാക്സിന്‍, ഇന്‍ഫ്ളമേറ്ററി ഡയഗനോസ്റ്റിക് കിറ്റുകള്‍ (IL6), ഡി-ഡൈമര്‍, സി.ആര്‍.പി (സി-റിയാക്ടീവ് പ്രോട്ടീന്‍), എല്‍.ഡി.എച്ച് (ലാക്ടേറ്റ് ഡി-ഹൈഡ്രോജനീസ്), ഫെറിട്ടിന്‍, പ്രോ കാല്‍സിസ്റ്റോണിന്‍ (പി.സി.റ്റി), ബ്ലഡ് ഗ്യാസ് റീഏജന്റുകള്‍ എന്നീ ഉല്‍പ്പന്നങ്ങള്‍ക്കാണ് നികുതി ഇളവ് ലഭ്യമാക്കിയത്. കൂടുതല്‍ വിവരങ്ങള്‍ക്ക്: covidreliefkerala@gmail.com, 8330011259.