എറണാകുളം: അന്‍പതു ശതമാനത്തിലധികം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള തദ്ദേശ സ്ഥാപനങ്ങളില്‍ അധിക നിയന്ത്രണങ്ങളും നടപടികളും ആവശ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓരോ ജില്ലയിലെയും കോവിഡ് രോഗ്യ വ്യാപന സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി ചേര്‍ന്ന അവലോകന യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഈ പഞ്ചായത്തുകളില്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ രണ്ട് ഡോക്ടര്‍മാരുടെ സേവനം 24 മണിക്കൂറും ലഭ്യമാക്കണം. ഡിസിസകളില്‍ ചികിത്സയിലുളളവരും ഈ ഡോക്ടര്‍മാരുടെ സേവനം പ്രയോജനപ്പെടുത്തണം. കോള്‍ സെന്ററും സജീവമായി പ്രവര്‍ത്തിക്കണം. ആംബുലന്‍സിന്റെ സേവനവും ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് 76 പഞ്ചായത്തുകളില്‍ 50% ത്തിലധികമാണ് ടിപിആര്‍. എറണാകുളം ജില്ലയില്‍ 19 പഞ്ചായത്തുകളില്‍ ടിപിആര്‍ 50% ത്തിനു മുകളിലാണെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ യോഗത്തില്‍ അറിയിച്ചു. കൂടാതെ എറണാകുളം ജില്ലയിലെ 16 പഞ്ചായത്തുകള്‍ സംസ്ഥാന ശരാശരിയേക്കാളും മുന്നിലാണ്.