കൊല്ലം: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നതിനൊപ്പം അതിഥി തൊഴിലാളികള്‍ക്ക് ആവശ്യാനുസരണം സഹായം ലഭ്യമാക്കുന്നുവെന്ന് ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തില്‍ രോഗബാധിതരാകുന്ന തൊഴിലാളികള്‍ക്ക് ഡോമിസിലറി കോവിഡ് കെയര്‍ സെന്ററുകളോ ഡോര്‍മിറ്ററികളോ ഒരുക്കും എന്ന് വ്യക്തമാക്കി. ഹോര്‍ട്ടികോര്‍പ്പ്, കെപ്‌കൊ, മത്സ്യഫെഡ് എന്നിവ വഴി ഭക്ഷ്യവസ്തുക്കള്‍ നല്‍കും. സ്വകാര്യ ആശുപത്രികളില്‍ നിന്ന് ഇവര്‍ക്ക് വാക്‌സിനേഷന്‍ നല്‍കുന്നതിന്റെ സാധ്യത പരിശോധിക്കും. ചവറയിലെ കോവിഡ് ചികിത്സാ കേന്ദ്രത്തില്‍ 170 ഓക്‌സിജന്‍ കിടക്കകള്‍ കൂടി ഇന്ന് (മെയ് 20)പ്രവര്‍ത്തനസജ്ജമാകും, കലക്ടര്‍ അറിയിച്ചു.
പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ 60 ഐ.സി.യു ബെഡുകള്‍ അധികം സജ്ജമാക്കും. ആര്‍. ടി. പി. സി. ആര്‍. പരിശോധനാ ഫലം വൈകാതെ ലഭ്യമാക്കുന്നുവെന്ന് ഉറപ്പാക്കും. രോഗവ്യാപന നിരക്ക് 30 ശതമാനത്തിന് മുകളിലുള്ള തദ്ദേശ സ്ഥാപനങ്ങളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. പട്ടികജാതി-ഫിഷര്‍മെന്‍ കോളനികളില്‍ വാക്‌സിനേഷന്‍ കൂടുതല്‍ കാര്യക്ഷമമാക്കും.പ്രകൃതിക്ഷോഭം കാരണം വീട്ടു പരിസരങ്ങളില്‍ ചെളികെട്ടികിടക്കുന്നത് നീക്കുന്നതടക്കമുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഫയര്‍ ഫോഴ്‌സ്, ഹരിത കര്‍മ്മ സേനാംഗങ്ങള്‍ മുഖേന നടത്താനും നിര്‍ദേശം നല്‍കി.നഗര പരിധിയിലും ഗ്രാമീണമേഖലയിലും ക്വാറന്റൈന്‍ മാനദണ്ഡ പാലനം ഉറപ്പുവരുത്തുന്നുണ്ടെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ ടി. നാരായണനും റൂറല്‍ എസ്. പി. കെ. ബി. മധുവും അറിയിച്ചു.