കോവിഡ് ബാധിച്ച് മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികളെ സംരക്ഷിക്കാന്‍ പ്രത്യേക പാക്കേജ്: മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് ബാധിച്ച് അച്ഛനും അമ്മയും നഷ്ടപ്പെട്ട കുട്ടികളുടെ സംരക്ഷണത്തിന് പ്രത്യേക പാക്കേജ് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മൂന്നുലക്ഷം രൂപ കുട്ടികള്‍ക്ക് ഒറ്റത്തവണയായി നല്‍കും. 18 വയസ്സുവരെ 2000 രൂപ മാസംതോറും നല്‍കും. ബിരുദതലം വരെയുള്ള വിദ്യാഭ്യാസച്ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കാനും തീരുമാനിച്ചിട്ടുണ്ട്.

പത്തനംതിട്ട, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ കഴിഞ്ഞ രണ്ടാഴ്ചയായി മരണനിരക്ക് കൂടുതലാണ്. ഈ ജില്ലകളില്‍ വിദഗ്ധ സംഘത്തെ നിയോഗിച്ച് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പ്ലസ് വണ്‍ പരീക്ഷ ഓണാവധിക്കടുത്ത സമയത്ത് നടത്താന്‍ ക്രമീകരണം ഒരുക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പിന് നിര്‍ദേശം നല്‍കി. എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി മൂല്യനിര്‍ണയത്തിന് നിശ്ചയിക്കപ്പെട്ട അധ്യാപകരെ കോവിഡ് ഡ്യൂട്ടിയില്‍നിന്നും ഒഴിവാക്കി നല്‍കും. ഓണ്‍ലൈന്‍ അഡൈ്വസിന്റെ വേഗത വര്‍ധിപ്പിക്കണമെന്ന് പി. എസ്. സിയോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പറഞ്ഞു.

ബ്ലാക്ക് ഫംഗസ് രോഗം സംബന്ധിച്ച് വലിയ ആശങ്കകള്‍ ഉയരുന്നുണ്ട്. ഇത് പരിഹരിക്കാനാവശ്യമായ ഇടപെടലുകള്‍ നടത്തും. 52 പേര്‍ക്ക് മാത്രമാണ് ഇവിടെ നിലവില്‍ രോഗം ബാധിച്ചത്.കാലവര്‍ഷ ഘട്ടത്തില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജമാക്കുമ്പോള്‍ കോവിഡ് പ്രോട്ടോകോള്‍ ഉറപ്പുവരുത്തും. നിര്‍മാണ മേഖലയില്‍ മെറ്റല്‍ കിട്ടാത്ത പ്രശ്‌നം നിലനില്‍ക്കുന്നുണ്ട്. ആ സാഹചര്യത്തില്‍ ക്രഷറുകള്‍ കോവിഡ് മാനദണ്ഡം അനുസരിച്ച് തുറന്നുപ്രവര്‍ത്തിപ്പിക്കാന്‍ അനുമതി നല്‍കും.

ഓക്‌സിമീറ്റര്‍ സ്വന്തമായി ഉണ്ടാക്കുമെന്ന് കെല്‍ട്രോണ്‍ അറിയിച്ചിട്ടുണ്ട്. അത് പരമാവധി പ്രോത്സാഹിപ്പിക്കാനാണ് തീരുമാനം.സ്ത്രീകള്‍ക്ക് ആവശ്യമുള്ള ശുചിത്വ വസ്തുക്കള്‍ നിലവില്‍ മെഡിക്കല്‍ ഷോപ്പുകളില്‍ ലഭ്യമാണ്. നിര്‍മാണ കേന്ദ്രങ്ങളില്‍ നിന്നും അവ മെഡിക്കല്‍ ഷോപ്പുകളില്‍ എത്തിക്കാന്‍ അനുമതി നല്‍കും. നേത്ര പരിശോധകര്‍, കണ്ണട കടകള്‍, ശ്രവണ സഹായി ഉപകരണങ്ങള്‍ വില്‍ക്കുകയും സഹായിക്കുകയും ചെയ്യുന്ന ഉപകരണങ്ങള്‍, കൃത്രിമ അവയവങ്ങള്‍ എന്നിവ വില്‍ക്കുകയും നന്നാക്കുകയും ചെയ്യുന്ന സ്ഥാപനങ്ങള്‍, ഗ്യാസ് അടുപ്പുകള്‍ നന്നാക്കുന്ന സ്ഥാപനങ്ങള്‍, മൊബൈല്‍, കമ്പ്യൂട്ടര്‍ എന്നിവ നന്നാക്കുന്ന കടകള്‍ എന്നിവ രണ്ടുദിവസം തുറക്കുന്നതിനും അനുമതി നല്‍കും.