ന്യൂഡല്‍ഹി: കോവിഡ് മൂലം ഉണ്ടായ സാമ്പത്തിക പ്രതിസന്ധിയെ അതിജീവിക്കാന്‍ എട്ടിന കര്‍മ പദ്ധതിയുമായി ധനമന്ത്രി നിര്‍മല സീതാരാമന്‍. കോവിഡ് ബാധിച്ച മേഖലകള്‍ക്കായി 1.1 ലക്ഷം കോടി രൂപ ക്രെഡിറ്റ് ഗ്യാരണ്ടി ലഭ്യമാക്കുന്ന പദ്ധതിയാണ് ഇതില്‍ പ്രധാനം. ഈ പദ്ധതിയില്‍ ആരോഗ്യ സംരക്ഷണ മേഖലയ്ക്ക് 50,000 കോടി രൂപ ലഭിക്കും. മറ്റ് മേഖലകള്‍ക്ക് 60,000 കോടി രൂപ ലഭിക്കും. എമര്‍ജന്‍സി ക്രെഡിറ്റ് ലിങ്ക്ഡ് ഗ്യാരണ്ടി സ്‌കീമിന്റെ (ഇസിഎല്‍ജിഎസ്) പരിധി നിലവിലെ 3 ലക്ഷം കോടിയില്‍ നിന്ന് 4.5 ലക്ഷം കോടി രൂപയായി കേന്ദ്രം ഉയര്‍ത്തി.
കൊറോണ വൈറസ് മഹാമാരി ബാധിച്ച മേഖലകളെ പുനരുജ്ജീവിപ്പിക്കാന്‍ ധനമന്ത്രാലയം കഴിഞ്ഞ മെയ് മാസത്തില്‍ അടിയന്തര ക്രെഡിറ്റ് ലൈന്‍ ഗ്യാരണ്ടി പദ്ധതി അവതരിപ്പിച്ചിരുന്നു. കോവിഡ് -19 മഹാമാരി മൂലം പ്രതിസന്ധി നേരിട്ട ബിസിനസ്സ് സ്ഥാപനങ്ങള്‍ക്ക് അടിയന്തിര വായ്പ നല്‍കുന്നതിന് ബാങ്കുകള്‍, ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ (എന്‍ബിഎഫ്സി), മറ്റ് ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് 100 ശതമാനം ഗ്യാരണ്ടീഡ് കവറേജ് നല്‍കാനാണ് ഇസിഎല്‍ജിഎസ് പദ്ധതി ലക്ഷ്യമിടുന്നത്. മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ വഴി വായ്പ സുഗമമാക്കുന്നതിന് ക്രെഡിറ്റ് ഗ്യാരണ്ടി പദ്ധതി ധനമന്ത്രാലയം പ്രഖ്യാപിച്ചു. ഒരാള്‍ക്ക് 1.25 ലക്ഷം രൂപയാണ് പരമാവധിവായ്പയായി നല്‍കുന്ന തുക. പലിശ നിരക്ക് 2%. പുതിയ വായ്പ നല്‍കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നും ധനമന്ത്രി പറഞ്ഞു.