ന്യൂഡല്‍ഹി: 75 ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി രാജ്യത്തിന്റെ ധീരയോദ്ധാക്കള്‍ക്ക് വെര്‍ച്വല്‍ മ്യൂസിയം ഒരുക്കാന്‍ പ്രതിരോധമന്ത്രാലയം. ഇന്ററാക്ടീവ് വെര്‍ച്വല്‍ മ്യൂസിയമാണ് ഒരുക്കുക. ധീരതയ്ക്കുളള പുരസ്‌കാരങ്ങള്‍ നേടിയ സൈനികര്‍ക്കും വീരബലിദാനികളായവര്‍ക്കും വേണ്ടിയാണ് മ്യൂസിയം സജ്ജമാക്കുന്നത്.
സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഡിഫന്‍സ് മാനുഫാക്ചേഴ്സുമായും കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുമായും സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുക. ധീരതാ പുരസ്‌കാരങ്ങളുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുളള www.gallantryawards.gov.in വെബ്സൈറ്റിലായിരിക്കും വെര്‍ച്വല്‍ മ്യൂസിയം ഒരുക്കുക.
സൈനികരുടെ ചിത്രങ്ങളിലൂടെയും പുരസ്‌കാരങ്ങളിലൂടെയും അവരുടെ ജീവിതത്തിലൂടെയുമുളള ത്രീ ഡി സഞ്ചാരം മ്യൂസിയത്തിന്റെ ഭാഗമായി തയ്യാറാക്കും. ഇവരുടെ ധീരകഥ പറയുന്ന വാര്‍ റൂം ഓഡിറ്റോറിയവും യുദ്ധസ്മാരകങ്ങളും സന്ദര്‍ശകര്‍ക്കായി വെര്‍ച്വല്‍ പ്ലാറ്റ്ഫോമില്‍ ഒരുക്കും.
ധീരസൈനികരുടെ ജീവിതകഥ പറയുന്ന അനിമേഷന്‍ വീഡിയോകളും ഇതില്‍ ഉള്‍പ്പെടുത്തും. സന്ദര്‍ശകര്‍ക്ക് ഇവരുടെ ധീരതയെ ആദരിക്കാനും സന്ദേശങ്ങള്‍ രേഖപ്പെടുത്താനുമുളള അവസരവും വെര്‍ച്വല്‍ മ്യൂസിയത്തില്‍ ഉണ്ടാകും.
അകത്തും പുറത്തുമുളള ഭീഷണികളില്‍ നിന്ന് രാജ്യത്തെ സംരക്ഷിക്കാന്‍ ഇവര്‍ പുലര്‍ത്തിയ അസാമാന്യ ധൈര്യവും അവരുടെ സംഭാവനകളും അറിയിക്കുന്നതിന് വേണ്ടിയാണ് സംവിധാനം ഒരുക്കുന്നതെന്ന് പ്രതിരോധ സെക്രട്ടറി ഡോ. അജയ് കുമാര്‍ പറഞ്ഞു. അവരുടെ ധീരതയ്ക്കുളള ഉചിതമായ അംഗീകാരം കൂടിയാണ് മ്യൂസിയമെന്നും അവരോടുളള രാജ്യത്തിന്റെ ആദരവ് കൂടിയാണ് ഇതിലൂടെ വ്യക്തമാകുകയെന്നും അജയ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.