ദളിതരെയും വനിതകളെയും കർഷകരുടെ മക്കളെയും കേന്ദ്രമന്ത്രിസഭയിൽ ഉൾപ്പെടുത്തിയത് പ്രതിപക്ഷത്തിന് ദഹിക്കുന്നില്ല: പ്രധാനമന്ത്രി

ന്യൂഡൽഹി: കേന്ദ്ര മന്ത്രിസഭയിലെ പുതിയ അംഗങ്ങളെ പരിചയപ്പെടുത്തി ലോക്സഭയിൽ നടന്ന പ്രധാനമന്ത്രിയുടെ പ്രസംഗം പ്രതിപക്ഷം തടസപ്പെടുത്തിയതിൽ രൂക്ഷമായ ഭാഷയിൽത്തന്നെ പ്രധാനമന്ത്രി മറുപടി നൽകി. ദളിതരെയും വനിതകളെയും കർഷകരുടെ മക്കളെയും കേന്ദ്രമന്ത്രിസഭയിൽ ഉൾപ്പെടുത്തിയത് പ്രതിപക്ഷത്തിന് ദഹിക്കുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കുറ്റപ്പെടുത്തി.

പുതിയ കേന്ദ്ര മന്ത്രിസഭാംഗങ്ങളിലെ വനിതകളുടെ വലിയ സാന്നിധ്യത്തെ പ്രധാനമന്ത്രി പ്രശംസിച്ചു. ദളിത് വനവാസി വിഭാഗങ്ങളിൽ നിന്നുള്ള നിരവധി സഹോദരങ്ങൾ കേന്ദ്ര മന്ത്രിമാരായതിനെയും കർഷക കുടുംബങ്ങളിൽ നിന്നുള്ളവരും ഗ്രാമീണ പശ്ചാത്തലത്തിൽ നിന്ന് ഉയർന്നു വന്നവരും കേന്ദ്ര മന്ത്രി സഭയുടെ ഭാഗമായതിനെയും പ്രധാനമന്ത്രി അഭിനന്ദിച്ചു.

കക്ഷിനേതാക്കളുമായി സഭയ്ക്ക് അകത്തും പുറത്തും ചർച്ച നടത്താൻ തയ്യാറാണെന്നും സമാധാനപരമായ അന്തരീക്ഷത്തിൽ മറുപടി നൽകാൻ അവസരം ഒരുക്കണമെന്നും പ്രധാനമന്ത്രി അഭ്യർത്ഥിച്ചു. എന്നാൽ ഈ അഭ്യർത്ഥനകളെയൊക്കെ തരം താഴ്ത്തുന്ന രീതിയിലുള്ള പ്രതിഷേധമാണ് പ്രതിപക്ഷത്ത് നിന്നുണ്ടായത്.

അനാരോഗ്യകരമായ നടപടികളാണ് സഭയിൽ ഉണ്ടായതെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ്‌ സിങ്ങും ആരോപിച്ചു.