ദുബായിൽ നീറ്റിന് പരീക്ഷാകേന്ദ്രം അനുവദിച്ചതിന്റെ വിജ്ഞാപനം ഇറങ്ങിയതായി ഇന്ത്യൻ എംബസിയും ദുബായ് ഇന്ത്യൻ കോൺസുലേറ്റും ട്വിറ്ററിലൂടെ അറിയിച്ചു. യുഎഇയിലുള്ളവർ പരീക്ഷാകേന്ദ്രം ഇല്ലാതെ വിഷമിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാരിന്റെ ഈ വിജ്ഞാപനം ഏറെ ശ്രദ്ധ ആകർഷിച്ചു. കേന്ദ്ര സർക്കാരിന്റെ തീരുമാനത്തിൽ സന്തോഷമുണ്ടെന്നും യുഎഇയിലുള്ള വിദ്യാർത്ഥികൾക്ക് ഏറെ ആഹ്ലാദകരമായ വാർത്തയാണിതെന്നും ദുബായ് ഇന്ത്യൻ കൗൺസിൽ ജനറൽ ഡോ. അമൻപുരി ഒരു സ്വകാര്യ വാർത്താചാനലുമായുള്ള അഭിമുഖത്തിൽ പറഞ്ഞു.
ജിസിസി രാജ്യങ്ങളിൽ കുവൈറ്റിൽ മാത്രമായിരുന്നു നിലവിൽ പരീക്ഷാകേന്ദ്രം ഉണ്ടായിരുന്നത്. പരീക്ഷകേന്ദ്രം തുടങ്ങുന്ന കാര്യത്തിൽ കഴിഞ്ഞദിവസം ടി.എൻ പ്രതാപൻ എംപിക്ക് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ഉറപ്പ് നൽകിയിരുന്നു. പരീക്ഷാകേന്ദ്രം അനുവദിച്ചതിന്റെ സന്തോഷത്തിലാണ് യുഎഇയിലെ വിദ്യാർത്ഥികൾ.