വയനാട്ടില്‍ നോറോ വൈറസ് സ്ഥിരീകരിച്ചു

കല്‍പ്പറ്റ: വയനാട് ജില്ലയില്‍ നോറോ വൈറസ് സ്ഥിരീകരിച്ചു. പൂക്കോട് വെറ്റിനറി കോളേജ് വിദ്യാര്‍ത്ഥികളിലാണ് രോഗം ബാധിച്ചതായി സ്ഥിരീകരിച്ചത്. ആലപ്പുഴ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടാണ് സാമ്പിള്‍ പരിശോധനയില്‍ നോറോ വൈറസ് സാന്നിദ്ധ്യം സ്ഥിരീകരിച്ചത്.
വെറ്റിനറി കോളേജ് വനിതാ ഹോസ്റ്റലിലെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വയറിളക്കവും ഛര്‍ദ്ദിയും വ്യാപകമായതോടെയാണ് സാമ്പിള്‍ പരിശോധിക്കാന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചത്. കോവിഡ് സാഹചര്യത്തിനൊപ്പം നോറോ വൈറസ് പടരുന്നത് ഗൗരവമായാണ് ആരോഗ്യവകുപ്പ് കാണുന്നത്.
മലിന ജലത്തിലൂടെയും ഭക്ഷണത്തിലൂടെയും രോഗബാധിതരുമായുള്ള സമ്പര്‍ക്കത്തിലൂടെയും രോഗം പകരാന്‍ ഇടയാകും. രോഗ ബാധിതരുടെ ശ്രവങ്ങളിലൂടെ പ്രതലങ്ങളില്‍ പറ്റിപ്പിടിച്ചിരിക്കുന്ന വൈറസ്, സ്പര്‍ശനത്തിലൂടെ ശരീരത്തിന്റെ ബാഹ്യവശങ്ങളില്‍ എത്തുകയും, മൂക്ക്, കണ്ണ്, വായ തുടങ്ങിയ സ്ഥലങ്ങളില്‍ സ്പര്‍ശിക്കുകവഴി വൈറസ് ശരീരത്തിനുള്ളില്‍ കയറുകയും ചെയ്യും. നവംബര്‍ മുതല്‍ ഏപ്രില്‍വരെയുള്ള കാലയളവിലാണ് രോഗബാധ കൂടുതലായി കണ്ടുവരുന്നത്. എല്ല പ്രായത്തിലുള്ളവരെയും രോഗം ബാധിച്ചേക്കാം എന്നതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.