തൊഴില്‍ അവസരങ്ങള്‍ ഒരുക്കി എംപ്ലോയ്‌മെന്റിന് കീഴില്‍ തൊഴില്‍മേള

തിരുവനന്തപുരം: കോവിഡ് മഹാമാരിക്കിടെ അഭ്യസ്തവിദ്യരായ യുവതീയുവാക്കള്‍ക്ക് എംപ്ലോയ്‌മെന്റ് വകുപ്പിന് കീഴില്‍ തൊഴിലവസരങ്ങളൊരുക്കുന്നു. സംസ്ഥാനത്തെ 14 ജില്ലകളിലായി  ഡിസംബര്‍, 2022 ജനുവരി മാസങ്ങളില്‍ നടക്കുന്ന തൊഴില്‍മേളകളില്‍ ആയിരത്തിലധികം തൊഴില്‍ദായകരും ഇരുപതിനായിരത്തിലധികം ഒഴിവുകളും പ്രതീക്ഷിക്കുന്നു.
കേന്ദ്ര-സംസ്ഥാന പൊതുമേഖല സ്ഥാപനങ്ങളിലെ ഒഴിവുകള്‍ നികത്തുന്നതിനോടൊപ്പം സ്വകാര്യമേഖലയിലെ അവസരങ്ങളും അഭ്യസ്തവിദ്യര്‍ക്ക് പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ നിരവധി പദ്ധതികളാണ് തൊഴില്‍ വകുപ്പ് വിഭാവനം ചെയ്തിരിക്കുന്നത്.
എംപ്ലോയബിലിറ്റി സെന്ററുകളുടെ നേതൃത്വത്തിലുള്ള ജോബ് ഡ്രൈവ് ലക്ഷ്യ തൊഴില്‍ മേളകളിലൂടെയും നിയുക്തി തൊഴില്‍ മേളയിലൂടെയും ആയിരക്കണക്കിനാളുകള്‍ക്ക് തൊഴില്‍ ലഭിച്ചു കഴിഞ്ഞു.
അക്കാദമിക് വിദ്യാഭ്യാസം കൊണ്ട് മാത്രം മികച്ച തൊഴില്‍ നേടാന്‍ കഴിയില്ലെന്ന തിരിച്ചറിവിലാണ് കരിയര്‍ ഡെവലപ്‌മെന്റ് സെന്ററുകള്‍ ആരംഭിക്കുകയും ഇവയുടെ  ആഭിമുഖ്യത്തില്‍ എംപ്ലോയബിലിറ്റി സ്‌കീമുകളും സോഫ്റ്റ് സ്‌കില്ലുകളും പരിശീലിപ്പിക്കുകയും ചെയ്യുന്നത്.
കരിയര്‍ ഡെവലപ്‌മെന്റ് സെന്ററുകളിലൂടെ അഭ്യസ്തവിദ്യര്‍ക്ക് ആവശ്യമായ വ്യക്തിത്വവികസനത്തിന് പരിശീലനവും നല്‍കുന്നുണ്ട്. തൊഴില്‍മേളയില്‍ പങ്കെടുക്കുന്നതിന് ഉദ്യോഗദായകര്‍ക്കും ഉദ്യോഗാര്‍ഥികള്‍ക്കും www.jobfest.gov.in ലൂടെ രജിസ്റ്റര്‍ ചെയ്യാം.