തിരുവനന്തപുരത്ത് ഇനി മുതല്‍ സ്ത്രീകള്‍ക്ക് നിയമസഹായം വീട്ടുമുറ്റത്ത്

സ്ത്രീകള്‍ നിയമസഹായം ആവശ്യപ്പെട്ടാല്‍ ഇനി മുതല്‍ തിരുവനന്തപുരം ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ വനിതാ പാരാ ലീഗല്‍ വളണ്ടിയര്‍മാര്‍ അവരുടെ വീട്ടുപടിക്കല്‍ എത്തും. പല കാരണങ്ങള്‍ കൊണ്ട് ഓഫീസിലെത്തി നിയമ സഹായത്തിനുള്ള പരാതികള്‍ നല്കാന്‍ കഴിയാത്തവര്‍ക്കാണ് ഈ സഹായം നല്‍കുകയെന്ന് ലീഗല്‍ സര്‍വീസ് സൊസൈറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ കെ. വിദ്യാധരന്‍ പറഞ്ഞു.

എല്ലാ വിഭാഗത്തിലുള്ള സ്ത്രീകള്‍ക്കും വരുമാന പരിധി നോക്കാതെ കോടതികളിലും ട്രിബ്യുണലുകളിലും മറ്റും കേസുകള്‍ ഫയല്‍ ചെയ്യാന്‍ അഭിഭാഷകരെ നിയമ സേവന അതോറിറ്റി ഏര്‍പ്പാട് ചെയ്യാറുണ്ട്. പ്രസ്തുത അഭി ഭാഷകര്‍ക്കുള്ള പ്രതിഫലം ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയാണ് നല്കുന്നത്.ഇതനുസരിച്ച് ഗസറ്റഡ് റാങ്കിലുള്ള ഉദ്യോഗസ്ഥതൊട്ട് ദരിദ്രരായ സ്ത്രീകള്‍ക്കു വരെ സൗജന്യ നിയമ സഹായം ലഭിക്കും. എതെങ്കിലും കാരണം കൊണ്ട് ലീഗല്‍ സര്‍വീസസ് അതോറിറ്റി ഓഫിസില്‍ എത്തി അപേക്ഷ നല്കാന്‍ കഴിയാത്തവര്‍ക്ക് ഒറ്റ ഫോണ്‍ വിളിയിലൂടെ നിയമ സഹായം ലഭിക്കും. പഞ്ചായത്തുകളിലും മറ്റു സ്ഥാപനങ്ങളിലും നിയോഗിക്കപ്പെട്ട വനിതാ പാരാ വളണ്ടിയര്‍മാരാണ് ഇതു ചെയ്യുക.

വനിതാ ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം ജസ്റ്റിസ് അന്നാ ചാണ്ടി ഹാളില്‍ വനിതാ പാരാ ലീഗല്‍ വളണ്ടിയര്‍മാര്‍ക് ‘വനിതകള്‍ക്ക് നിയമ സഹായം എങ്ങിനെ നല്കാം’ എന്ന വിഷയത്തില്‍ ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ കെ.വിദ്യാധരന്‍ ഉദ്ഘാടനം ചെയ്തു. പാനല്‍ അഭിഭാഷക അനിത. ജി.എസ്സ് ക്ലാസെടുത്തു. വി. സിന്ധു സ്വാഗതവും പാര്‍വ്വതി ശങ്കര്‍ നന്ദിയും പറഞ്ഞു.