പത്തനംതിട്ട: കാലത്തിനൊത്ത വികസന പദ്ധതികള്‍ വേണമെന്നാഗ്രഹിക്കുന്നവരാണു നാട്ടില്‍ ഭൂരിഭാഗമെന്നും പദ്ധതികളെ എതിര്‍ക്കുന്നവരുടേതാണു നാട് എന്നു കാണരുതെന്നും മുഖ്യമന്ത്രി പിണറായി വിജയന്. വികസനത്തിനായി ആഗ്രഹിക്കുന്നവര്‍ ബഹളംവച്ചും ശബ്ദകോലാഹലങ്ങളോടെയും വരുന്നില്ലായിരിക്കും. എന്നാല്‍, നാടിന്റെ ഭാവിക്കായി വികസന പദ്ധതികള്‍ യാഥാര്‍ഥ്യമാകണമെന്നാണ് അവരുടെ ആഗ്രഹം. ഈ നിലപാടുതന്നെയാണു സര്‍ക്കാരിന്റേതും – മുഖ്യമന്ത്രി വ്യക്തമാക്കി. പൊതുമരാമത്ത് വകുപ്പ് പൂര്‍ത്തീകരിച്ച 51 റോഡുകള്‍ നാടിനു സമര്‍പ്പിക്കുകയായിരുന്നു അദ്ദേഹം.
പശ്ചാത്തല വികസനത്തില്‍ കാലത്തിനൊത്ത മാറ്റമുണ്ടാകണമെന്നു മുഖ്യമന്ത്രി പറഞ്ഞു. ഇന്നു ചെയ്യേണ്ട കാര്യങ്ങള്‍ ഇന്നുതന്നെ ചെയ്യണം. റോഡ്, ജലഗതാഗത, വ്യോമയാന, റെയില്‍ സംവിധാനങ്ങള്‍ കാലാനുസൃതമായി നവീകരിക്കപ്പെടണം. സംസ്ഥാനത്ത് ട്രെയിന്‍ യാത്രയ്ക്കു മുന്‍പുണ്ടായിരുന്നതില്‍നിന്ന് ഇപ്പോള്‍ ഒട്ടും വേഗത കൂടിയിട്ടില്ല. കാസര്‍കോഡുനിന്നു തിരുവനന്തപുരത്തെത്താന്‍ 12 – 13 മണിക്കൂര്‍ ഇന്നും വേണം. വിലയേറിയ സമയമാണ് ഇതിലൂടെ നഷ്ടപ്പെടുന്നത്. അതിവേഗത്തിലോടുന്ന രാജധാനി എക്സ്പ്രസിനു പോലും കേരളത്തില്‍ സാധാരണ ട്രെയിനിന്റെ വേഗം മാത്രമേയുള്ളൂ. നിലവില്‍ ഇവിടെയുള്ള റെയില്‍വേ ലൈന്‍ വച്ചു വേഗത കൂട്ടാനാകില്ല. അടുത്തൊന്നും നടക്കുന്ന കാര്യവുമല്ല അത്. അതുകൊണ്ടാണു പുതിയ ലൈനിനെക്കുറിച്ച് ആലോചിക്കുന്നത്. കെ-റെയില്‍ കാര്യത്തില്‍ അനുമതി നല്കേണ്ടതു കേന്ദ്രമാണ്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയെ കണ്ടു. അനുകൂല പ്രതികരണമാണു പ്രധാനമന്ത്രിയില്‍നിന്നുണ്ടായത്. നാടിന് ഇത്തരം പദ്ധതികള്‍ ആവശ്യമാണെന്നതിനാല്‍ എല്ലാ രീതിയിലും അനുകൂലമായ പ്രതികരണമാണ് അദ്ദേഹത്തില്‍നിന്നുണ്ടായതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് 745 പദ്ധതികളിലായി 2400 കോടിയുടെ റോഡ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നു ചടങ്ങില്‍ അധ്യക്ഷത വഹിച്ച പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. റോഡുകള്‍ ദീര്‍ഘകാലം നിലനില്ക്കത്തക്ക രീതിയിലുള്ള നിര്‍മാണ പ്രക്രിയയാണു പൊതുമരാമത്ത് വകുപ്പ് നടത്തുന്നത്. ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുള്ള റോഡ് പദ്ധതികളില്‍ സ്ഥലമേറ്റെടുപ്പ് ആവശ്യമില്ലാത്തവ അതിവേഗത്തില്‍ പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. ഓണ്‍ലൈനായി നടന്ന ഉദ്ഘാടന ചടങ്ങില്‍ പൊതുമരാമത്ത് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്. ജ്യോതിലാല്‍ സ്വാഗതം ആശംസിച്ചു.