അഗ്നിപഥിന്റെ ആവശ്യകതകള്‍ വ്യക്തമാക്കി അജിത്ത് ഡോവല്‍, സുരക്ഷാ ഉപദേഷ്ടാവിന്റെ വാക്കുകള്‍ ശ്രദ്ധേയമാകുന്നു

ഇന്ത്യയെ സുരക്ഷിതവും ശക്തവുമാക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദീര്‍ഘവീക്ഷണത്തിന്റെ ഫലമാണ് അഗ്നിപഥ് പദ്ധതിയെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍. പദ്ധതിക്ക് എതിരെ രാജ്യവ്യാപക പ്രതിഷേധങ്ങള്‍ നടക്കുന്നതിന് ഇടയിലാണ് അജിത് ഡോവലിന്റെ പ്രതികരണം. പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ റെജിമെന്റല്‍ സംവിധാനം അവസാനിക്കുമെന്നത് വ്യാജ പ്രചരണം മാത്രമാണെന്നും സ്വകാര്യ കോച്ചിങ് സെന്ററുകളുടെ ഇടപെടല്‍ പ്രതിഷേധങ്ങള്‍ക്ക് കാരണമാകുന്നുണ്ടോയെന്ന് പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തിലാണ് അജിത്ത് ഡോവലിന്റെ പ്രതികരണം.

ഇന്ത്യയെ എങ്ങനെ ശക്തമാക്കാം എന്നതായിരുന്നു 2014ല്‍ അധികാരത്തിലെത്തിയപ്പോള്‍ പ്രധാനമന്ത്രി മോദിയുടെ മുന്‍ഗണനകളിലൊന്ന്. രാജ്യസുരക്ഷ എന്നത് സ്ഥായിയായ ഒന്നല്ല അത് ചലനാത്മകമായ ഒരു പ്രക്രിയയാണ്. ഹ്രസ്വകാല കരാര്‍ പദ്ധതി ഒരു ഒറ്റപ്പെട്ട ആശയമല്ല. യുദ്ധത്തിന്റെ സ്വഭാവത്തില്‍ വലിയ മാറ്റങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. നാളേക്ക് വേണ്ടി തയ്യാറെടുക്കണമെങ്കില്‍ നമ്മള്‍ മാറണം.

അഗ്‌നിപഥിലൂടെ യുവാക്കള്‍ക്ക് രാജ്യത്തെ കാക്കാനുള്ള ആഗ്രഹവും പ്രചോദനവും പ്രതിബദ്ധതയും ഉണ്ടാവും. റെജിമെന്റല്‍ സംവിധാനം അവസാനിച്ചിട്ടില്ലെന്നും ഇപ്പോഴത്തെ പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ കോച്ചിംഗ് സെന്ററുകളുടെ പങ്കാളിത്തം തിരിച്ചറിയുന്നതിനായി സമഗ്രമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.