ടി. സി. എസ് ഡിജിറ്റൽ ഹബ് യഥാർത്ഥ്യമാകുന്നു; 20,000 പേർക്ക് തൊഴിൽ ലഭ്യമാവുന്ന പദ്ധതി

തിരുവനന്തപുരം പള്ളിപ്പുറത്തെ ടെക്‌നോപാർക്ക് ഫേസ് നാലിൽ ടാറ്റ കൺസൾട്ടൻസി സർവ്വീസസ് (ടിസിഎസ്) 1500 കോടി രൂപ മുതൽമുടക്കിൽ സ്ഥാപിക്കുന്ന ഐടി-ഡിജിറ്റൽ ആന്റ് റിസർച്ച് ഹബ്ബിന്റെ ഒന്നാം ഘട്ട നിർമാണോദ്ഘാടനം ഇന്ന് നടക്കും. 97 ഏക്കൽ സ്ഥലത്ത് പദ്ധതി പൂർത്തിയാകുന്നതോടെ 20,000 പേർക്ക് ഇവിടെ തൊഴിൽ ലഭിക്കും. 1500 കോടി രൂപയുടെ നിക്ഷേപമാണ് ഇതിലൂടെ വരുന്നത്. ആദ്യ ഘട്ടത്തിൽ 5 ലക്ഷം ചതുരശ്ര അടിയിലാണ് നിർമാണം. ആദ്യ ഘട്ടം പൂർത്തിയാകുന്നതോടെ 5000 പേർക്ക് തൊഴിൽ ലഭ്യമാകും. രണ്ടര വർഷം കൊണ്ട് നിർമാണം പൂർത്തിയാകുമെന്നാണ് കരുതുന്നത്.

ടി. സി. എസ് ഡിജിറ്റൽ ആന്റ് റിസർച്ച് ഹബ് പള്ളിപ്പുറത്ത് സ്ഥാപിക്കുന്നതിന് 2021 ഫെബ്രുവരിയിലാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ ധാരണാപത്രം ഒപ്പുവച്ചത്. എയ്‌റോസ്‌പെയ്‌സ്, പ്രതിരോധം, നിർമാണം എന്നീ മേഖലകൾക്കാവശ്യമായ നൂതന സാങ്കേതികവിദ്യകൾ പ്രദാനം ചെയ്യുന്ന പദ്ധതിയാണ് ടിസിഎസ് വിഭാവനം ചെയ്തിട്ടുള്ളത്. റൊബോട്ടിക്‌സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷിൻ ലേണിംഗ്, ഡാറ്റ അനലറ്റിക്‌സ്, ബ്ലോക്ക് ചെയിൻ, ഇന്റർനെറ്റ് ഓഫ് തിംഗ്‌സ് എന്നിവയിലൂന്നി ഉത്പ്പന്നങ്ങളുടെ വികസനവും അതുമായി ബന്ധപ്പെട്ട സേവനവുമാണ് ഇതിൽ പ്രധാനം. ടെക്‌നോളജി സ്റ്റാർട്ടപ്പുകൾക്കുവേണ്ടി ഒരു ഇൻക്യുബേറ്റർ സെന്റർ സ്ഥാപിക്കാനും ടിസിഎസ് ഉദ്ദേശിക്കുന്നുണ്ട്. സ്റ്റാർട്ടപ്പുകൾ വളർത്തിയെടുക്കുന്നതിലും അവയെ പ്രോത്സാഹിപ്പിക്കുന്നതിലും കേരളത്തിന് മികച്ച സ്ഥാനമാണുള്ളത്. ടിസിഎസ് തുടങ്ങുന്ന ഇൻക്യുബേറ്റർ കേരളത്തിലെ സ്റ്റാർട്ടപ്പുകൾക്ക് കൂടുതൽ പിന്തുണ നൽകുന്നതിന് സഹായകമാവും.

കേരളത്തിൽ ഐടി മേഖലയിൽ ഏറ്റവും അധികം പേർക്ക് ജോലി നൽകുന്ന കമ്പനിയാണ് ടിസിഎസ്. ഇപ്പോൾ 15,000 പേർ കേരളത്തിലെ ടിസിഎസ് സെന്ററുകളിൽ ജോലി ചെയ്യുന്നുണ്ട്. ടി. സി. എസ് ഡിജിറ്റൽ ഹബിന് ഇന്ന് (ജൂൺ 30) തറക്കല്ലിടും