1800 കോടിയിലധികം രൂപയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

പ്രധാനമന്ത്രി നരേന്ദ്രമോദി 1800 കോടിയിലധികം രൂപയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിര്‍വഹിച്ചു. വാരാണസിയിലെ സിഗ്രയില്‍ ഡോ. സമ്പൂര്‍ണാനന്ദ് സ്‌പോര്‍ട്‌സ് സ്റ്റേഡിയത്തില്‍ നടന്ന പരിപാടിയില്‍ ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവര്‍ പങ്കെടുത്തു.

ഉത്തര്‍പ്രദേശിലെയും കാശിയിലെയും ജനങ്ങള്‍ ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നല്‍കിയ വലിയ പിന്തുണയ്ക്കു നന്ദി പറഞ്ഞാണു പ്രധാനമന്ത്രി സംസാരിച്ചുതുടങ്ങിയത്. കാശി എക്കാലവും സജീവമാണെന്നും നിരന്തരമായി ഒഴുകിക്കൊണ്ടിരിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. പൈതൃകത്തിനൊപ്പം വികസനത്തിന്റെ ചിത്രമാണ് ഇന്ന് കാശിക്കുള്ളത്. ആയിരക്കണക്കിന് കോടി രൂപയുടെ പദ്ധതികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നും പലതിന്റെയും പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. കാശിയുടെ ആത്മാവ് ഉള്ളിലാണെന്നും അതേസമയം, കാശിയുടെ ശരീരം പതിവായി പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വികസനം കാശിയെ കൂടുതല്‍ ചലനാത്മകവും പുരോഗമനാത്മകവും സംവേദനക്ഷമവുമാക്കുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ”ഏവര്‍ക്കുമൊപ്പം, ഏവരുടെയും വിശ്വാസം, ഏവരുടെയും വികസനം, കൂട്ടായ പരിശ്രമം എന്നിവയുടെ മികച്ച ഉദാഹരണമാണ് എന്റെ കാശി”- അദ്ദേഹം പറഞ്ഞു.