രാജ്യസഭയിലേക്ക് പുതിയതായി നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗങ്ങളെ അഭിനന്ദിച്ച് പ്രധാനമന്ത്രി

രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട അംഗങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. കായികതാരം പി.ടി. ഉഷ, സംഗീതസംവിധായകന്‍ ഇളയരാജ, മനുഷ്യസ്നേഹിയും സാമൂഹിക പ്രവര്‍ത്തകനുമായ വീരേന്ദ്ര ഹെഗ്ഗഡെ, ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ വി. വിജയേന്ദ്ര പ്രസാദ് എന്നിവരാണ് രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടവര്‍ .

അംഗങ്ങളെ അഭിനന്ദിച്ചുകൊണ്ട് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ച വാക്കുകള്‍ :

പി ടി ഉഷ ജി ഓരോ ഇന്ത്യക്കാരനും പ്രചോദനമാണ്. സ്പോര്‍ട്സിലെ അവരുടെ നേട്ടങ്ങള്‍ പരക്കെ അറിയപ്പെടുന്നു. വളര്‍ന്നുവരുന്ന അത്ലറ്റുകള്‍ക്ക് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി മാര്‍ഗദര്‍ശനം നല്‍കുന്ന അവരുടെ പ്രവര്‍ത്തനവും പ്രശംസനീയമാണ്. രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ടതിന് അഭിനന്ദനങ്ങള്‍.

‘ഇളയരാജ ജിയുടെ സര്‍ഗ്ഗാത്മക പ്രതിഭ തലമുറകളെ ആകര്‍ഷിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ സംഗീതം നിരവധി വികാരങ്ങളെ മനോഹരമായി പ്രതിഫലിപ്പിക്കുന്നു. അതേ പോലെ പ്രചോദനം നല്‍കുന്നതാണ് അദ്ദേഹത്തിന്റെ ജീവിതയാത്രയും – ഒരു എളിയ പശ്ചാത്തലത്തില്‍ നിന്ന് ഉയര്‍ന്ന് അദ്ദേഹം വളരെയധികം നേട്ടങ്ങള്‍ കൈവരിച്ചു. അദ്ദേഹം രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടതില്‍ സന്തോഷമുണ്ട്. .’

ശ്രേഷ്ഠമായ സാമൂഹിക സേവനത്തിന്റെ മുന്‍നിരയിലാണ് ശ്രീ വീരേന്ദ്ര ഹെഗ്ഗഡെ ജി. ധര്‍മ്മസ്ഥല ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിക്കാനും ആരോഗ്യം, വിദ്യാഭ്യാസം, സംസ്‌കാരം എന്നീ മേഖലകളില്‍ അദ്ദേഹം ചെയ്യുന്ന മഹത്തായ പ്രവര്‍ത്തനങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാനും എനിക്ക് അവസരം ലഭിച്ചു. അദ്ദേഹം തീര്‍ച്ചയായും പാര്‍ലമെന്ററി നടപടികളെ സമ്പന്നമാക്കും.’

‘ശ്രീ വി. വിജയേന്ദ്ര പ്രസാദ് ഗാരു പതിറ്റാണ്ടുകളായി സര്‍ഗ്ഗാത്മക ലോകവുമായി ബന്ധപ്പെട്ടിരിക്കുന്നു. അദ്ദേഹത്തിന്റെ സിനിമകള്‍ ഇന്ത്യയുടെ മഹത്തായ സംസ്‌കാരത്തെ പ്രദര്‍ശിപ്പിക്കുകയും ആഗോളതലത്തില്‍ വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്തു. രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടതിന് അഭിനന്ദനങ്ങള്‍.’