ഇന്ത്യയുടെ മുന്നറിയിപ്പുകള്‍ അവഗണിച്ച് ചൈനീസ് ചാര കപ്പല്‍ യുവാന്‍ വാങ് 5 ശ്രീലങ്കയിലെ ഹമ്പന്തോട്ട തുറമുഖത്ത് നങ്കൂരമിട്ടു. ശ്രീലങ്കന്‍ കടലിലായിരിക്കുമ്പോള്‍ ഗവേഷണം നടത്തില്ലെന്ന വ്യവസ്ഥയിലാണ് യുവാന്‍ വാങ് 5 ന് തീരത്ത് അടുക്കാന്‍ അനുമതി നല്‍കിയതെന്ന് ഹമ്പന്തോട്ട തുറമുഖ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇന്ത്യയുടെ കടുത്ത എതിര്‍പ്പിനെ മറികടന്നാണ് ചൈനീസ് ചാരക്കപ്പല്‍ ശ്രീലങ്കന്‍ തീരത്തെത്തിയത്.
യുവാന്‍ വാങ് 5 നെ ചൈന ചാരപ്രവര്‍ത്തിക്കായി ഉപയോഗിക്കുന്നുവെന്ന് ഇന്ത്യ ആരോപിച്ചിരുന്നു. കപ്പലിന്റെ സാന്നിദ്ധ്യം വലിയ സുരക്ഷാ പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്നും ഇന്ത്യ ചൂണ്ടിക്കാണിച്ചിരുന്നു. 750 കിലോമീറ്റര്‍ ചുറ്റളവിലുള്ള സിഗ്നലുകളെ പിടിച്ചെടുക്കാനുള്ള സാങ്കേതിക വിദ്യ കപ്പലില്‍ ഉണ്ടെന്നാണ് വിലയിരുത്തല്‍. ഇത് ദക്ഷിണേന്ത്യയിലെ പ്രധാന കേന്ദ്രങ്ങള്‍ക്ക് ഭീഷണി ആയേക്കുമെന്നാണ് ഇന്ത്യ ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ തങ്ങളുടേത് ചാരക്കപ്പല്‍ അല്ലെന്നും ഗവേഷണ കപ്പലാണെന്നുമാണ് ചൈനയുടെ വാദം.