ഇന്ത്യയില്‍ നിലവിലുള്ള എല്ലാ ലാബുകളും നവീകരിച്ച് പരിശോധനാ സൗകര്യങ്ങള്‍ മികച്ച രീതിയില്‍ പ്രയോജനപ്പെടുത്താന്‍ കഴിയണമെന്ന് കേന്ദ്ര ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു. ന്യൂ ഡല്‍ഹിയിലെ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ് (ബിഐഎസ്) ആസ്ഥാനത്ത് നടന്ന നാലാമത് ഭരണ സമിതി യോഗത്തില്‍ അധ്യക്ഷനായിരുന്നു അദ്ദേഹം. മികച്ച ലാബുകള്‍ മികച്ച നിലവാരം രൂപപ്പെടുത്തുന്നതിനും സര്ട്ടിഫിക്കേഷന് എളുപ്പമാക്കുന്നതിനും സഹായിക്കുമെന്ന് ശ്രീ ഗോയല്‍ പറഞ്ഞു.
ഉപഭോക്തൃകാര്യ സഹമന്ത്രിയും ബിഐഎസിന്റെ ഭരണ സമിതി എക്സ് ഒഫീഷ്യോ വൈസ് പ്രസിഡന്റുമായ അശ്വിനി കുമാര്‍ ചൗബേ, ഭരണ സമിതിയിലെ വിശിഷ്ട അംഗങ്ങള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
75 വര്‍ഷം പൂര്‍ത്തിയാക്കിയ ബിഐഎസിനെ അഭിനന്ദിച്ച ശ്രീ ഗോയല്‍ ‘ബ്രാന്‍ഡ് ഇന്ത്യ’ വികസിപ്പിക്കുന്നതില്‍ ബിഐഎസിന് സുപ്രധാന പങ്കുണ്ട് എന്ന് എടുത്തുപറഞ്ഞു. യുവാക്കളെ ബോധവത്കരിക്കുന്നതിനായി സ്കൂളുകളില്‍ സ്റ്റാന്‍ഡേര്‍ഡ് ക്ലബ്ബുകള്‍ സ്ഥാപിക്കുന്നതിനുള്ള ബിഐഎസ് സംരംഭത്തെ അദ്ദേഹം അഭിനന്ദിച്ചു.
അശ്വിനി കുമാര്‍ ചൗബെ തന്റെ അഭിസംബോധനയില്‍, അന്തര്‍ദ്ദേശീയമായി സ്വീകാര്യമായ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കാന്‍ നിര്‍മ്മാതാക്കളെ പ്രാപ്തരാക്കുന്ന മാനദണ്ഡങ്ങള്‍ രൂപപ്പെടുത്തുന്നതിന് BIS-നെ പ്രശംസിച്ചു. ഇത് ഉപഭോക്താക്കള്‍ക്ക് നേട്ടമുണ്ടാക്കുക മാത്രമല്ല, കയറ്റുമതി എളുപ്പമാക്കുകയും ചെയ്തെന്ന് അദ്ദേഹം പറഞ്ഞു. ‘മാനദണ്ഡ വിപ്ലവം’ (Standards Revolution) എന്നത് ഈ കാലഘട്ടത്തിന്റെ ആവശ്യകതയാണ്. അവിടെ സ്റ്റാന്‍ഡേര്‍ഡുകള്‍ നടപ്പിലാക്കുന്നത് ബിസിനസുകളെ പിന്തുണയ്ക്കാനായിരിക്കണമെന്നും ഒരു തടസ്സമായി കാണരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ അവസരത്തില്‍, ഗോയല്‍ ബിഐഎസിന്റെ പുതുക്കിയ വെബ്സൈറ്റിന് തുടക്കം കുറിച്ചു. അത് ഉപയോക്തൃ സൗഹൃദ ഇന്റര്‍ഫേസുകളിലൂടെ എളുപ്പത്തില്‍ വിവരങ്ങള്‍ നല്കുന്നു. കൂടാതെ, ബിഐഎസിന്റെ എല്ലാ പ്രധാന സംരംഭങ്ങളും ഇതില്‍ അപ്ഡേറ്റ് ചെയ്യുകയും ചെയ്തു. ദേശീയ ബില്‍ഡിംഗ് കോഡ് സംബന്ധിച്ച ലഘുലേഖകള്‍, ദേശീയ വൈദ്യുതി കോഡിനെക്കുറിച്ചുള്ള കൈപ്പുസ്തകം എന്നിവയും പ്രകാശനം ചെയ്തു.