ന്യൂ ഡല്‍ഹി: ഇന്ത്യന്‍ ഭരണഘടനാ നിലവില്‍ വന്നിട്ട് ഇന്നേക്ക് 74 വര്‍ഷം തികയുന്നു. റിപ്പബ്ലിക്ക് ദിനത്തിനായി രാജ്യതലസ്ഥാനം ഒരുങ്ങി കഴിഞ്ഞു. കനത്ത സുരക്ഷയാണ് തലസ്ഥാനത്തു ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാഷ്ട്രപതി ഭവനില്‍ നിന്ന് ഇന്ത്യാ ഗേറ്റിലേക്കുള്ള പ്രൗഢപരേഡാണ് റിപ്പബ്ലിക് ദിനത്തിന്റെ മുഖ്യആകര്‍ഷണം. റിപ്പബ്ലിക്ക് ദിനത്തില്‍ രാവിലെ രാഷ്ട്രപതി ദ്രൗപദി മുര്‍മു പതാക ഉയര്‍ത്തി. തുടര്‍ന്ന് ജനഗണമന ആലപിച്ചു. രാഷ്ട്ര നിര്‍മാണത്തിന് ജീവത്യാഗം ചെയ്തവരെ അനുസ്മരിച്ചുകൊണ്ടാണ് രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ ഈവര്‍ഷത്തെ റിപ്പബ്ലിക് ദിന സന്ദേശം. ഇന്ത്യ ഐക്യത്തിന്റെ ഉത്തമ മാതൃകയാണെന്ന് രാഷ്ട്രപതി പറഞ്ഞു. രാജ്യം അതിവേഗം വളരുകയാണെന്നും ദ്രൗപദി മുര്‍മു ചൂണ്ടിക്കാട്ടി.
സ്വാതന്ത്ര്യസമര സേനാനികളുടെ സ്വപ്നങ്ങള്‍ സാക്ഷാത്ക്കരിക്കാന്‍ ഒന്നിച്ച് മുന്നേറാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി റിപ്പബ്ലിക് ദിന സന്ദേശത്തില്‍ പറഞ്ഞു.
റിപ്പബ്ലിക്ക് ദിനത്തില്‍ സംസ്ഥാനത്തും ചടങ്ങുകള്‍ നടന്നു. രാവിലെ 9 മണിക്ക് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ദേശീയ പതാകയുയര്‍ത്തി. ചടങ്ങില്‍ മുഖ്യമന്ത്രിയും റിപ്പബ്ലിക് ദിനാശംസകള്‍ നേര്‍ന്നു.ഭരണഘടനയുടെ പ്രാധാന്യമുള്‍ക്കൊണ്ട്, മതേതരത്വവും ജനാധിപത്യവും ഉയര്‍ത്തിപ്പിടിക്കണം. എല്ലാ പൗരന്മാര്‍ക്കും ആശയപ്രകടനത്തിനും വിശ്വാസത്തിനും മതനിഷ്ഠയ്ക്കും ഭക്തി, ആരാധന എന്നിവയ്ക്കുമുള്ള സ്വാതന്ത്ര്യമുണ്ട്.അവ നഷ്ടപ്പെടാതെ കാത്തുസൂക്ഷിക്കണമെന്നും മുഖ്യമന്ത്രി റിപ്പബ്ലിക് ദിന സന്ദേശത്തില്‍ പറഞ്ഞു.
എഴുപത്തിനാലാമത് റിപ്പബ്ലിക് ദിന ഘോഷയാത്രയില്‍ വൈവിധ്യമാര്‍ന്ന ടാബ്ലോകളില്‍ രാജ്യത്തിന്റെ പാരമ്പര്യമാകും പ്രതിഫലിപ്പിക്കുക. ‘നാരീശക്തിയും സ്ത്രീ ശാക്തീകരണത്തിന്റെ നാടോടി പാരമ്പര്യവും’ എന്ന പ്രമേയത്തില്‍ ഉരുവിന്റെ മാത്യകയില്‍ ബേപ്പൂര്‍ റാണി എന്ന പേരിലാണ് കേരളത്തിന്റെ ടാബ്ലോ.