കേരളത്തിന്റെ സ്വന്തം സ്റ്റോർ ആയ കെ -സ്റ്റോറിന്റെയും ഇ – പോസ് മെഷീനുകൾ ഇലക്ട്രോണിക് തുലാസുമായി ബന്ധിപ്പിക്കുന്ന പദ്ധതിയുടെയും സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. പൊതുവിതരണ സമ്പ്രദായത്തെ സാമൂഹ്യനീതിയിൽ ഊന്നിക്കൊണ്ട് ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമാണ് കെ – സ്റ്റോറുകളെന്നും ഈ സാമ്പത്തിക വർഷം ആയിരം കെ-സ്റ്റോറുകൾ ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് 108 കെ – സ്റ്റോറുകളാണ് ഈ രീതിയിൽ സജ്ജമായിരിക്കുന്നത്. ഈ സാമ്പത്തിക വർഷം 1000 കെ – സ്റ്റോറുകൾ ആരംഭിക്കും. ജനക്ഷേമത്തിൽ ഊന്നി സംസ്ഥാനത്ത് നടപ്പാക്കി കൊണ്ടിരിക്കുന്ന നയങ്ങളുടെ തുടർച്ചയാണ് കെ – സ്റ്റോറുകളും. റേഷൻ കടകളെ വൈവിധ്യവത്കരിക്കുന്നതിന്റെ ആദ്യഘട്ടമാണിത്. ഘട്ടം ഘട്ടമായി മുഴുവൻ റേഷൻ കടകളെയും കെ-സ്റ്റോറുകളാക്കി മാറ്റാനാണ് സർക്കാർ ഉദേശിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പൊതുവിതരണ രംഗത്ത് മികച്ച ഇടപെടൽ നടക്കുന്ന സംസ്ഥാനമാണ് കേരളം. കൂടുതൽ ആളുകൾക്ക് റേഷൻ സംവിധാനത്തിന്റെ പ്രയോജനം ലഭ്യമാക്കാനുള്ള ശ്രമത്തിലാണ്. ഇതിന്റെ ഭാഗമായി മൂന്നര ലക്ഷത്തോളം മുൻഗണന കാർഡുകൾ വിതരണം ചെയ്തു. പൊതുവിതരണ സമ്പ്രദായം കലാനുസൃതമായി നവീകരിച്ച് മുന്നോട്ട് കൊണ്ടുപോകാനുള്ള ശ്രമത്തിലാണ്. ഭക്ഷ്യധാന്യങ്ങൾ ഉൾപ്പെടെയുള്ള ചുരുക്കം ചില റേഷൻ സാധനങ്ങൾ മാത്രം നൽകുന്ന പൊതുവിതരണ സംവിധാനത്തെ കൂടുതൽ ജനസൗഹൃദ സേവനങ്ങൾ നൽകുവാൻ ഉതകുംവിധം മാറ്റിയെടുക്കാനായി ആവിഷ്കരിച്ച പദ്ധതിയാണ് കെ – സ്റ്റോർ എന്ന കേരള സ്റ്റോർ പദ്ധതി. സംസ്ഥാനത്തെ റേഷൻ കടകളുടെ പശ്ചാത്തല സൗകര്യം വികസിപ്പിച്ചും ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് കൂടുതൽ സേവന സൗകര്യങ്ങൾ ഒരുക്കിയുമാണ് കെ – സ്റ്റോറുകളായി മാറുന്നത്.
10,000 രൂപ വരെ ഇടപാട് നടത്താൻ കഴിയുന്ന മിനി ബാങ്കിങ്ങ് സംവിധാനം, യൂട്ടിലിറ്റി പേയ്മെന്റ് സംവിധാനം (ഇലക്ട്രിസിറ്റി ബില്ല് വാട്ടർ ബില്ല് ഉപ്പെടെയുള്ള ബില്ലുകൾ അടയ്ക്കാനുള്ള സൗകര്യം ), സപ്ലൈകോ ശബരി ഉൽപന്നങ്ങൾ, മിൽമ ഉൽപന്നങ്ങൾ, ഛോട്ടു ഗ്യാസ് (അഞ്ച് കിലോഗ്രാം തൂക്കമുള്ള പാചക വാതക കണക്ഷനുകൾ മിതമായ വിലയ്ക്ക് ലഭ്യമാകും) എന്നി സേവനങ്ങളെല്ലാം കെ – സ്റ്റോറുകളിൽ ലഭിക്കും.
ജനങ്ങൾക്ക് കൂടുതൽ സേവനങ്ങളും ഉത്പന്നങ്ങളും ലഭ്യമാകുന്നതോടൊപ്പം റേഷൻ വ്യാപാരികൾക്ക് അധിക വരുമാനവും ഉത്പന്നങ്ങളും ലഭ്യമാകുന്നതോടൊപ്പം റേഷൻ വ്യാപാരികൾക്ക് അധിക വരുമാനവും ഈ പദ്ധതിയിലൂടെ ലഭ്യമാകും. നിലവിലെ റേഷൻ കടകളുടെ മുഖഛായ മാറ്റി സാധാരണക്കാരായ ജനങ്ങൾക്ക് ആശ്രയിക്കാൻ കഴിയുന്ന വിധത്തിൽ കൂടുതൽ ഉൽപ്പന്നങ്ങളും സേവനങ്ങളും മിതമായ നിരക്കിൽ ലഭ്യമാക്കുവാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.