എ.ഐ ക്യാമറ സ്ഥാപിച്ച ശേഷം റോഡപകട മരണം കുറഞ്ഞു: ഗതാഗത മന്ത്രി

എ.ഐ. ക്യാമറ സ്ഥാപിച്ചതിനു ശേഷം സംസ്ഥാനത്ത് റോഡ് അപകടമരണ നിരക്ക കുറഞ്ഞതായി ഗതാഗത മന്ത്രി ആന്റണി രാജു. കേരളത്തിൽ ശരാശരി പന്ത്രണ്ട് റോഡ് അപകടമരണങ്ങളാണ് പ്രതിദിനം ഉണ്ടായിരുന്നത്. എന്നാൽ ക്യാമറ സ്ഥാപിച്ചതിനു ശേഷം 5 മുതൽ 8 വരെയായി കുറഞ്ഞു. ക്യാമറകളുടെ പ്രവർത്തന അവലോകനത്തിനായി ചേർന്ന ഉന്നതല യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. ക്യാമറകൾ പ്രവർത്തനം ആരംഭിച്ച ജൂൺ 5  രാവിലെ 8 മണി മുതൽ ജൂൺ 8 രാത്രി 12 മണി വരെ 3,52,730 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ഇതിൽ 80,743 എണ്ണം കെൽട്രോൺ സ്ഥിരീകരിച്ചു. 19,790 കേസുകൾ ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് മോണിറ്ററിംഗ് സിസ്റ്റത്തിൽ അപ്‌ലോഡ്‌ ചെയ്തു. 10,457 ചെല്ലാനുകൾ മോട്ടോർ വാഹന വകുപ്പ് അംഗീകരിച്ച് അയച്ചിട്ടുണ്ട്. ഹെവി വാഹനങ്ങൾക്ക് നിയമപ്രകാരം സീറ്റ് ബെൽറ്റ് നിർബന്ധമാണെങ്കിലും ഇപ്പോൾ അത്തരം നിയമലംഘനങ്ങൾ കണക്കിലെടുക്കുന്നില്ല. അതുകൊണ്ടാണ് വെരിഫൈ ചെയ്യുമ്പോൾ നിയമലംഘനങ്ങളിൽ എണ്ണം കുറയുന്നത്. എന്നാൽ സെപ്റ്റംബർ 1 മുതൽ കെഎസ്ആർടിസി ഉൾപ്പെടെ എല്ലാ ഹെവി വാഹനങ്ങളുടെയും ഡ്രൈവർമാർക്കും ഡ്രൈവറുടെ അതേ നിരയിൽ ഇടതുവശത്തെ സീറ്റിലിരിക്കുന്നയാൾക്കും സീറ്റ് ബെൽറ്റ് നിർബന്ധമാക്കുമെന്ന് മന്ത്രി പറഞ്ഞു.

കാറിലെ മുൻസീറ്റ് യാത്രക്കാർ സീറ്റ് ബെൽറ്റ് ധരിക്കാത്തതാണ് ഏറ്റവും കൂടുതൽ നിയമലംഘനങ്ങൾ 7,896. കാർ ഡ്രൈവർ സീറ്റ് ബെൽറ്റ് ധരിക്കാത്തത് 4,993, ഹെൽമറ്റ് ധരിക്കാതെ ഇരുചക്രവാഹനം ഓടിച്ചവർ 6,153, ഇരുചക്രവാഹനത്തിലെ സഹയാത്രികൻ ഹെൽമെറ്റ് ധരിക്കാതെ യാത്ര ചെയ്തത് 715, ഇരുചക്ര വാഹനത്തിലെ ട്രിപ്പിൾ റൈഡ് 6, മൊബൈൽ ഫോൺ ഉപയോഗം 25, അമിതവേഗത 2 എന്നിവയാണ് ഈ ദിവസങ്ങളിൽ കണ്ടെത്തിയ നിയമലംഘനങ്ങൾ. 56 സർക്കാർ വാഹനങ്ങളും വിഐപി വാഹനങ്ങളും ഇക്കാലയളവിൽ നിയമലംഘനം നടത്തിയതായി കണ്ടെത്തിയെന്നും ഇവയിൽ 10 എണ്ണത്തിന് ചെല്ലാൻ അയച്ചെന്നും ബാക്കി എല്ലാവർക്കും ഉടൻ ചെല്ലാൻ അയയ്ക്കുമെന്നും മന്ത്രി വ്യക്തമാക്കി. ക്യാമറ പകർത്തിയ നിയമലംഘനങ്ങൾ വെരിഫൈ ചെയ്യുന്നത് വേഗത്തിലാക്കാൻ കെൽട്രോണിനോടും ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് മോണിറ്ററിംഗ് സിസ്റ്റത്തിൽ മൾട്ടിപ്പിൾ ലോഗിൻ സൗകര്യം ഒരുക്കി സംവിധാനം വേഗത്തിലാക്കാൻ നാഷണൽ ഇൻഫർമാറ്റിക് സെന്ററിനോടും നിർദ്ദേശിച്ചിട്ടുണ്ട്. കൃത്യമായ ഇടവേളകളിൽ റിവ്യൂ നടത്തി തടസ്സം പരിഹരിച്ച് പ്രവർത്തനം മെച്ചപ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു. അഡീഷണൽ ട്രാൻസ്‌പോർട്ട് കമ്മീഷണർ പ്രമോജ് ശങ്കർ, കെൽട്രോൺ സി.എം.ഡി. നാരായണ മൂർത്തി, എൻ.ഐ.സി. ഡെപ്യൂട്ടി ഡയറക്ടർ ജനറൽ അബീർ എഡ്‌വിൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.