നിർമിതബുദ്ധി, ഓഗ്മെന്റഡ് റിയാലിറ്റി, വിർച്വൽ റിയാലിറ്റി, ക്രിപ്റ്റോ കറൻസി, മെഷിൻ ലേണിങ്, ഇന്റർനെറ്റ് ഓഫ് തിങ്സ് എന്നിങ്ങനെ വിവിധ മേഖലകളിലെ പുതിയ സാങ്കേതിക സംവിധാനങ്ങളെക്കുറിച്ച് കൂടുതൽ അറിയുന്നതിനുള്ള വേദിയാണ് ഫ്രീഡം ഫെസ്റ്റിവൽ. നവസാങ്കേതിക വിദ്യകളുടെ, നൂതനത്വത്തിന്റെ, സ്വതന്ത്ര വിജ്ഞാനത്തിന്റെ ഉത്സവമെന്ന നിലയിലാണ് പരിപാടി വിഭാവനം ചെയ്തിരിക്കുന്നത്. തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ ഓഗസ്റ്റ് 12 മുതൽ 15 വരെ ഈ മേഖലകളിൽ ഉൾപ്പെടെ നിരവധി വിഷയങ്ങളിൽ നാല്പതോളം സെമിനാറുകളും ശില്പശാലകളും നടക്കും. ജീനോമിക്സ്, ഇ ഗവേണൻസ്, ഓപ്പൺ മെഡിക്കൽ ടെക്നോളജികൾ, ഡിജിറ്റൽ വിദ്യാഭ്യാസം, ബയോ ഇൻഫർമാറ്റികസ്, സൈബർ നിയമങ്ങൾ, ഡിജിറ്റൽ സുരക്ഷ, ടെക്നോളജിയും മാധ്യമ സ്വാതന്ത്ര്യവും, കേരളത്തിന്റെ എൻറർപ്രൈസ് ആർക്കിടെക്ചർ എന്നീ വിഷയങ്ങൾ ചർച്ച ചെയ്യും. സ്ക്രൈബസ്, ഓപ്പൺ സ്ട്രീറ്റ് മാപ്പ് തുടങ്ങി സ്വതന്ത്ര സോഫ്റ്റ് വെയറിൽ പ്രവർത്തിക്കുന്ന വിവിധ ടൂളുകൾ പരിചയപ്പെടുത്തുകയും ഇവ കൂടുതൽ മെച്ചപ്പടുത്തുന്നതിനുള്ള സാധ്യതകൾ, നിർദേശങ്ങൾ എന്നിവ ക്രോഡീകരിക്കുകയും ചെയ്യും. മലയാളത്തിലെ ശാസ്ത്രമെഴുത്തുകാർക്കുള്ള ശില്പശാലയും രാജ്യത്തിനകത്തും പുറത്തുമുള്ള പ്രശസ്തരും പ്രഗൽഭരുമായ വ്യക്തികളുടെ സെഷനുകളും ഫെസ്റ്റിവലിന്റെ പ്രത്യേകതയാണ്.
നവീന ആശയങ്ങൾ മുന്നോട്ടുവയ്ക്കുന്ന സ്റ്റാർട്ടപ്പ് പ്രദർശനങ്ങളുണ്ടാകും. അൻപതോളം സ്റ്റാളുകളാണുള്ളത്. സ്റ്റാർട്ടപ് സംരംഭങ്ങൾക്കും ഫെസ്റ്റിവലിൽ വിവിധ ആശയങ്ങൾ സ്വീകരിക്കാൻ കഴിയും. കേരളത്തിലെ വിവിധ പ്രൊഫഷണൽ കോളജുകളിൽ നിന്നായി ഐഡിയാത്തോണിലൂടെ തിരഞ്ഞെടുക്കപ്പെട്ട രണ്ടായിരത്തിലധികം വിദ്യാർഥികൾ പങ്കെടുക്കുന്ന യങ് പ്രൊഫഷണൽ മീറ്റ് ഓഗസ്റ്റ് 12ന് നടക്കും. സാങ്കേതിക വിദ്യ, അടിസ്ഥാനസൗകര്യങ്ങൾ, വ്യവസായം, ജനസംഖ്യാ പരിവർത്തനവും അനുബന്ധ പ്രശ്നങ്ങളും, പരിസ്ഥിതിയും സുസ്ഥിരതയും, ഉന്നത വിദ്യാഭ്യാസവും മനുഷ്യശേഷിയും തുടങ്ങിയ വിഷയങ്ങൾ ഇതിന്റെ ഭാഗമായി ചർച്ച ചെയ്യും.
കോളജ് വിദ്യാർഥികൾക്കും ഗവേഷകർക്കും നവ സംരഭകർക്കും മികച്ച അവസരമാണ് ഫ്രീഡം ഫെസ്റ്റിവൽ ഒരുക്കുന്നത്. കൂടുതൽ വിവരങ്ങൾ https://freedomfest2023.in/ എന്ന വെബ്സൈറ്റിൽ ലഭിക്കും.