രാജ്യത്തെ ഏറ്റവും മികവുറ്റ പൊതുവിതരണ സംവിധാനം കേരളത്തിലേതെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ. തിരുവനന്തപുരത്ത് നടക്കുന്ന കേരളീയം 2023 ന്റെ ഭാഗമായി ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ‘കേരളത്തിന്റെ ഭക്ഷ്യ ഭദ്രത’ എന്ന വിഷയത്തിൽ ഇന്ന് (02/11/2023) തിരുവനന്തപുരം ടാഗോർ തീയറ്ററിൽ സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭക്ഷ്യ വകുപ്പ് മന്ത്രി അദ്ധ്യക്ഷത വഹിച്ച സെമിനാറിൽ സപ്ലൈകോ സി.എം.ഡി ശ്രീറാം വെങ്കിട്ടരാമൻ വിഷയാവതരണം നടത്തി. പ്ലാനിംഗ് ബോർഡ് അംഗം ഡോ. കെ. രവിരാമൻ സെമിനാറിൽ മോഡറേറ്ററായി. കൊളമ്പിയ സർവ്വകലാശാലയിലെ (MPA-DP) ഡയറക്ടർ ഗ്ലെൻ ഡെന്നിങ്, മുൻ കേന്ദ്ര പൊതുവിതരണ വകുപ്പ് മന്ത്രി കെ. വി തോമസ്, എക്കണോമിക് അനലിസ്റ്റ് ഹെഡ് പ്രൊഫസർ ഡോ. മധുര സ്വാമിനാഥൻ, തമിഴ്‌നാട് സ്റ്റേറ്റ് പ്ലാനിംഗ് ബോർഡ് വൈസ് ചെയർമാൻ ജെ. ജയരഞ്ചൻ, കേരള കൺസ്യൂമർ ഫെഡ് ചെയർമാൻ എം. മെഹബൂബ്, സംസ്ഥാന ഭക്ഷ്യ കമ്മീഷൻ ചെയർമാൻ കെ.വി. മോഹൻകുമാർ, സെന്റർ ഫോർ ചൈൽഡ് ആൻഡ് ലോ യുടെ കോ-ഡയറക്ടർ ഡോക്ടർ നീതു ശർമ, ഫുഡ് സിസ്റ്റം സ്‌പെഷ്യലിസ്റ്റ് ഡോക്ടർ ആർ. വി ഭവാനി (FAO), തമിഴ്‌നാട് കാഞ്ചിപുരം എം.എൽ.എ ഏഴിലരശൻ, ആർ.ജെ.ഡി യുടെ സ്റ്റേറ്റ് സെക്രട്ടറി മുകുന്ദ് സിംഗ് എന്നിവർ സെമിനാറിൽ സംസാരിച്ചു.
ഭക്ഷ്യ പോഷകസുരക്ഷ ഉറപ്പുവരുത്തുന്നതിനെപറ്റിയും ഭക്ഷ്യ ഭദ്രത പ്രവർത്തനങ്ങൾ കുറച്ചു കൂടി മെച്ചപ്പെട്ട രീതിയിൽ എങ്ങനെ മുന്നോട്ടുകൊണ്ടുപോകാൻ കഴിയും എന്നതിനെ പറ്റിയാണ് സെമിനാർ പ്രധാനമായും ചർച്ച ചെയ്യപ്പെട്ടത്. ജാപ്പനീസ് ഭക്ഷണ ശൈലിയിൽ കാർബോ ഹൈഡ്രേറ്റ് ഭക്ഷണങ്ങളുടെ അളവ് കുറച്ചു കൊണ്ട് ആരോഗ്യപരമായി ചെറു ധാന്യങ്ങൾ കൂടി ഉൾപ്പെടുത്തിയ ഭക്ഷണ ശൈലി ആവിഷ്‌കരിക്കുന്നതിന്റെ ആവശ്യകതയും സെമിനാറിൽ ചർച്ച ചെയ്യപ്പെട്ടു. ഭക്ഷ്യഭദ്രത എന്ന ലക്ഷ്യം കൈവരിച്ചു കഴിഞ്ഞ കേരളം പോഷക ഭദ്രത കൂടി ഉറപ്പു വരുത്തേണ്ടതുണ്ട് എന്ന അഭിപ്രായവും സെമിനാറിൽ ഉയർന്ന് വന്നു. ‘വിശപ്പ് രഹിത കേരളം‘ എന്നതിൽ നിന്നും പോഷകവൈകല്യ രഹിത കേരളം‘ എന്ന യാഥാർത്ഥ്യത്തിലേയ്ക്ക് നാം എത്തിച്ചേരേണ്ടതിന്റെ അനിവാര്യതയും സെമിനാറിൽ ചർച്ച ചെയ്യപ്പെട്ടു. ആധാർ അധിഷ്ടിത റേഷൻ വിതരണം, സഞ്ചരിക്കുന്ന റേഷൻകടകൾ, ഒപ്പം പദ്ധതി, ഇ-പോസ് മെഷീൻ, ഒപ്പറേഷൻ യെല്ലോ തുടങ്ങിയവ എല്ലാം ചർച്ചയിലെ വിഷയങ്ങളായിരുന്നു. സദസ്സിൽ നിന്നും ഉയർന്ന ചോദ്യങ്ങൾക്ക് മന്ത്രിയും വിഷയ വിദഗ്ദരും മറുപടി നൽകി.